

‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’
ലോസ് ആഞ്ചലസ്: ടോം ഹോളണ്ട് നായകനായ ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’ ആഗോള ബോക്സ് ഓഫീസിൽ 200 കോടി ഡോളർ പിന്നിട്ടു. ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിം’ കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ചിത്രം 17 ദിവസത്തിനുള്ളിലാണ് 200 കോടി ഡോളർ പിന്നിട്ടത്. 2026ൽ ആഗോളതലത്തിൽ 200 കോടി ഡോളർ കളക്ഷൻ നേടുന്ന ആദ്യ റിലീസാണിതെന്ന് സോണി പിക്ചേഴ്സ് അറിയിച്ചു. 2019ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിം’ 11 ദിവസം കൊണ്ടാണ് 200 കോടി ഡോളർ പിന്നിട്ടത്.
മൂന്നാം ആഴ്ചയവസാനത്തോടെ ചിത്രത്തിന്‍റെ വടക്കേ അമെരിക്കയിലെ കളക്ഷൻ 78.5 കോടി ഡോളറും അന്താരാഷ്ട്ര കളക്ഷൻ 123 കോടി ഡോളറുമായി. ഇതോടെ ആഗോള കളക്ഷൻ 202.2 കോടി ഡോളറായി.
ഇന്ത്യയിൽ ചിത്രം ഇതുവരെ 538 കോടി രൂപ നേടിയിട്ടുണ്ട്. മൂന്നാം ആഴ്ചയിൽ മാത്രം 28.7 കോടി രൂപയാണ് ലഭിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്.
200 കോടി ഡോളർ പിന്നിട്ട ചരിത്രത്തിലെ എട്ടാമത്തെ ചിത്രമാണിത്. ‘സ്പൈഡർ-മാൻ’ ഫ്രാഞ്ചൈസിയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും ഇത് മാറി. 2021ൽ പുറത്തിറങ്ങിയ ‘സ്പൈഡർ-മാൻ: നോ വേ ഹോം’ നേടിയ ഏകദേശം 190 കോടി ഡോളറിന്‍റെ കളക്ഷനാണ് ചിത്രം മറികടന്നത്.
പീറ്റർ പാർക്കർ/സ്പൈഡർ-മാനായി ടോം ഹോളണ്ട് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്. ‘സ്പൈഡർ-മാൻ: ഹോംകമിങ്’, ‘സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം’, ‘സ്പൈഡർ-മാൻ: നോ വേ ഹോം’ എന്നിവയിലായിരുന്നു ഇതിന് മുൻപ് ഹോളണ്ട് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.