

'പാക്കിസ്ഥാനിലെത്തിയ മലയാളി ചാരന്മാർ'; ഇൻസ്റ്റ ട്രെൻഡിങ്, കാരണമറിയാം|Video
പാക്കിസ്ഥാനിലെത്തുന്ന മലയാളി ചാരന്‍റെ ആദ്യ ദിനം എന്ന കുറിപ്പോടു കൂടി റീൽസ് ഇൻസ്റ്റഗ്രാമിൽ നിറയുകയാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സെല്ലാം പാക്കിസ്ഥാനി ചാരന്മാരായി വേഷം മാറി എത്തിക്കഴിഞ്ഞു. ആദ്യ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയ ശേഷം ഏറ്റവും ഒടുവിൽ എന്തെങ്കിലും മണ്ടത്തരം പറഞ്ഞ് പിടിക്കപ്പെടുന്ന രീതിയിലാണ് എല്ലാ റീലുകളും.. ചുമ്മാ അങ്ങ് പൊട്ടിപ്പുറപ്പെട്ടതല്ല ഈ റീലുകളൊന്നും. രൺവീർ സിങ്ങിന്‍റെ പുതിയ ചിത്രമായ ദുരന്ധറാണ് ഈ ട്രെൻഡിങ് റീൽസിന്‍റെയെല്ലാം കാരണം.
ആദിത്യ ധർ ചിത്രത്തിൽ രൺവീർ സിങ് ഹംസ അലി മസാരി എന്ന അണ്ടർ കവർ ഏജന്‍റായാണ് എത്തുന്നത്. പാക്കിസ്ഥാനിലെ കറാച്ചിയിലെ കുറ്റവാളികൾ ഉൾപ്പെടുന്ന രാഷ്‌ട്രീയ അധോലോകത്തിലേക്കാണ് രൺവീർ സിങ് നുഴഞ്ഞു കയറുന്നത്.
ഇതു തന്നെയാണ് ഇൻസ്റ്റയിൽ ഇപ്പോൾ അൽപം നർമം ചേർത്ത് ട്രെൻഡിങ്ങായിരിക്കുന്നതും. ബഹ്റൈനിയൻ റാപ്പർ ഫ്ലിപ്പറാച്ചി പാടുന്ന അറബിക് ട്രാക്ക് എഫ്എ94എ തന്നെയാണ് ഇൻസ്റ്റ റീലുകൾക്കും ഉപയോഗിച്ചിരിക്കുന്നത്. മലയാളികൾ മാത്രമല്ല ഇന്ത്യയിൽ തന്നെ തരംഗമാണ് ഈ ചാരന്മാരുടെ റീൽസ് എന്നു ചുരുക്കം.