

സുഹാസിനി തിരിച്ചെത്തുന്നു, അഞ്ചാം പ്രമാണത്തിലൂടെ
സുഹാസിനി മണിരത്നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "അഞ്ചാം പ്രമാണം" സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂർ പൊയ്യയിൽ ആരംഭിച്ചു. ജയദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സഹസംവിധായിക ദേശീയ പുരസ്‌കാര ജേതാവ് മിറിയo ചാണ്ടിയാണ്. റൂബി എൻഡവർ ആണ് നിർമ്മാതാക്കൾ. സൈക്കോളജി ത്രില്ലർ ജോർണറിൽ ഒരുക്കുന്ന ഈ ചിത്രം 1980 തുടക്ക കാലഘട്ടത്തിലെ സമ്പത്തും പ്രതാപവും നിറഞ്ഞ ഒരു പുരാതന സുറിയാനി ക്രിസ്ത്യൻ കുടുംബത്തിന്‍റെ കഥ പറയുന്നു.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, പാരമ്പര്യ മൂല്യങ്ങള മുറുകെപ്പിടിക്കുന്ന ഒരു കുടുംബത്തിൽ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങൾ അപ്രസക്തരാണ്. അത്തരം ഒരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണത്തെ വ്യത്യസ്തമാക്കുന്നത്. സുഹാസിനി ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. ഫാ .സജി ജോർജ് വട്ടക്കുഴി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. സുഹാസിനി ഫസ്റ്റ് ക്ലാപ്പും നൽകി.
പുരാതന തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്.
സുഹാസിനി, കനി കുസൃതി എന്നീ പ്രഗൽഭ താരങ്ങൾക്കൊപ്പം ബോളിവുഡിൽ നിന്നും നിമിഷ ഡീൻ എന്ന നടിയും പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായി മലയാളത്തിലേക്കുള്ള കടന്നുവരവാണ് നിമിഷ ഡീനിന്‍റേത്.
ന്യൂയോർക്ക് ഫിലിം അക്കാഡമിയിൽ നിന്നും ആക്ടിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള നിമിഷ സുശാന്ത് സിംഗ് രാജ്പുത് നായകനായി അഭിനയിച്ച 'ദിൽ ബേചാര' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തിരക്കഥാകൃത്ത് ഷൈനി ആന്‍റണി മാധ്യമപ്രവർത്തകയും നോവലിസ്റ്റുമാണ്. ഷൈനിയുടെ കഥക്ക് കോമൺവെൽത്ത്
പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. രൺജി പണിക്കർ, ഷെബിൻ ബെൻസൺ , വിനയ് മേനോൻ , അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ചിത്രീകരണം പൂർത്തിയാകും.
സംഗീതം - സൂരജ് എസ് കുറുപ്പ് , ഛായാഗ്രഹണം - സിന്‍റോ പൊടുത്താസ്, എഡിറ്റിംഗ് - ബീന പോൾ
അഞ്ചാം പ്രമാണത്തിലെ സ്ത്രീപക്ഷ സാന്നിധ്യം.