"ഇംഗ്ലീഷിൽ സംസാരിക്കുന്നത് അഹങ്കാരമാകുമോ? തുടക്കം മുതൽ ഞാനും അനുഭവിക്കുന്നു": സുപ്രിയ മേനോൻ

അവതാരക ദക്ഷ രവീന്ദ്രനാഥിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് സുപ്രിയ തന്‍റെ നിലപാട് വ്യക്തമാക്കിയത്
supriya menon on urvashi's english remark

സുപ്രിയ മേനോൻ, ഉർവശി 

Updated on

പ്രമോഷൻ ചടങ്ങിൽ ഇംഗ്ലീഷിൽ സംസാരിച്ചതിന് അവതാരകയെ വിമർശിച്ച് ഉർവശി സംസാരിച്ചത് വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. നിരവധി പേരാണ് ഉർവശിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ.

അവതാരക ദക്ഷ രവീന്ദ്രനാഥിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് സുപ്രിയ തന്‍റെ നിലപാട് വ്യക്തമാക്കിയത്. പൊതുമധ്യത്തിലേക്ക് ഇറങ്ങിയ കാലം മുതൽ താനിത് കേൾക്കുന്നുണ്ട് എന്നാണ് സുപ്രിയ പറഞ്ഞത്. ഇംഗ്ലീഷിൽ സംസാരിക്കുന്നത് അഹങ്കാരമാകുമോ എന്നാണ് സുപ്രിയ ചോദിച്ചത്.

supriya menon on urvashi's english remark
നിങ്ങളൊരു ലെജൻഡായിരിക്കാം, എന്ന് വച്ച് മറ്റുള്ളവരെ കളിയാക്കാൻ ആരാണ് ലൈസൻസ് തന്നത്? ഉർവശിക്കെതിരേ വിമർശനം!

‘ഇവിടെ ഇംഗ്ലിഷ് സംസാരിക്കുന്നതിനെ ചൊല്ലിയുള്ള ഈ തുടർച്ചയായ തർക്കം എനിക്ക് മനസിലാകുന്നില്ല. പൊതുമധ്യത്തിലേക്ക് ഇറങ്ങിയ കാലം മുതൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന് പഴി കേൾക്കേണ്ടി വന്ന ആളെന്ന നിലയിൽ, ഞാൻ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. നമ്മൾ നമ്മുടെ മക്കളെ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലും കോളെജുകളിലും അയച്ച് പഠിപ്പിക്കുന്നു. ഒരു അവസരം കിട്ടുമ്പോഴേക്കും നമ്മുടെ ആളുകൾ വിദേശത്തേക്ക് ചേക്കേറുന്നു, ലോകമെമ്പാടും വലിയൊരു പ്രവാസി സമൂഹമായി നമ്മൾ മാറുകയും ചെയ്യുന്നു. എന്നിട്ടും, ഒരാൾ ഇംഗ്ലിഷ് സംസാരിക്കുമ്പോൾ അത് വലിയ അഹങ്കാരത്തിന്റെയോ ധാർഷ്ട്യത്തിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്? മറ്റൊരു ഭാഷയിൽ സംസാരിച്ചതുകൊണ്ട് മാത്രം മലയാളത്തോടുള്ള സ്നേഹവും അഭിമാനവും കുറഞ്ഞുപോകുന്നത് എന്തിനാണ്? ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നു.- എന്നാണ് സുപ്രിയ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രമായ ആശയുടെ പ്രമോഷൻ ചടങ്ങിനിടെ സംഭവമുണ്ടായത്. ഇംഗ്ലീഷിൽ ഉർവശിയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തപ്പോൾ എന്തിനാണ് ഇങ്ങനെ ഇംഗ്ലീഷിൽ കടുകു വറുക്കുന്നത് എന്ന് ഉർവശി ചോദിച്ചത്. ഇവിടെ ഇരിക്കുന്നവർ എല്ലാം മലയാളികൾ അല്ലേ എന്നും മലയാളം എല്ലാവർക്കും മനസിലാകുമല്ലോ എന്നും ഉർവശി ചോദിച്ചു. ഇതിന്‍റെ വിഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഉർവശിക്കെതിരേ വിമർശനം ശക്തമായത്.

logo
Metro Vaartha
www.metrovaartha.com