

"കുറച്ച് സ്ഥലത്തിനായി മകന് അലറേണ്ട അവസ്ഥ, മനുഷ്യരെ സമാധാനത്തോടെ കരയാൻ അനുവദിക്കൂ"; സുപ്രിയ മേനോൻ
നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾ പകർത്താനുള്ള യൂട്യൂബ് ചാനലുകളുടെ തള്ളിക്കയറ്റത്തിനെതിരേ മകൻ ചന്തു സലിം കുമാർ നിയന്ത്രണം വിട്ട് പെരുമാറിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ. ഇരയെ ലക്ഷ്യമാക്കി എത്തുന്ന കഴുകന്മാരെപ്പോലെയാണ് മാധ്യമങ്ങൾ എന്നാണ് സുപ്രിയ പറഞ്ഞത്. കുറച്ച് സ്ഥലം കിട്ടാനും സമാധാനത്തോടെ കരയാനും മകന് നിലവിളിക്കേണ്ടിവരുന്നു. ഇത് പത്രപ്രവർത്തനമല്ല, അശ്ലീലവും അസഭ്യവും നിറഞ്ഞ അതിക്രമമാണെന്നും സുപ്രിയ കുറിച്ചു.
‘വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ.
കുറച്ച് സ്ഥലം ലഭിക്കാൻ മകൻ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു, ഒന്നു സമാധാനത്തോടെ കരയാൻ.. നാം എന്തായിത്തീർന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച്. മനുഷ്യരെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്.സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇതൊരു പത്രപ്രവർത്തനമല്ല, ഇത് പ്രദർശനപരതയാണ്! വികാരഭരിതവും അനാവശ്യവുമാണ്.’’–സുപ്രിയ കുറിച്ചു.
സലിം കുമാറിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. മൊബൈൽ ഫോണുമായി തിരക്കുകൂട്ടിയ ആളുകളോട് പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ചന്തു നിയന്ത്രണംവിട്ടത്. എന്താണ് നിങ്ങൾക്ക് വേണ്ടതെന്നും എല്ലാരും കുറച്ച് മാറി നിൽക്കാനല്ലെ പറഞ്ഞ് ചന്തു രോഷത്തോടെ അലറി. അമ്മയും സഹപ്രവർത്തകരുമടക്കം നിരവധിപേർ ചന്തുവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലായതിനു സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.