
തൃശൂർ: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതോടെ അനിശ്ചിതത്വത്തിലായത് ഏറെ പ്രതീക്ഷയോടെ തുടക്കമിട്ട ഒറ്റക്കൊമ്പനെന്ന ചിത്രമാണ്. സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അനുമതി ലഭിക്കില്ലെന്ന് വന്നതോടെ നിരാശരായത് അദ്ദേഹത്തിന്‍റെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രത്തിനു വേണ്ടി കാത്തിരുന്ന ആരാധകരാണ്. ബിജെപി നേതൃത്വം അഭിനയിക്കാനുള്ള അനുമതി നൽകിയതിലൂടെ പൊലിഞ്ഞുവെന്നു കരുതിയ ഒറ്റക്കൊമ്പൻ സ്വപ്നം വീണ്ടും പച്ച പിടിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകർ.
ഒറ്റക്കൊമ്പനു വേണ്ടി സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സുരേഷ് ഗോപി താടി നീട്ടി വളർത്തിയിരുന്നു. അഭിനയത്തിനുള്ള അനുമതി വൈകിയതോടെ താടി വടിച്ചു കൊണ്ടുള്ള ചിത്രവും അദ്ദേഹം പങ്കു വച്ചു. അങ്ങനെ ട്വിസ്റ്റുകളിലൂടെ കടന്നു പോയ സിനിമ ഇപ്പോൾ ട്രാക്കിലേക്കെത്തിയിരിക്കുന്നു വേണം കരുതാൻ. 2025ൽ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. 25 കോടി ബജറ്റ് ഇട്ടിരിക്കുന്ന ചിത്രം പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
ബിജു മേനോൻ, മുകേഷ്, വിജയരാഘവൻ രഞ്ജി പണിക്കർ എന്നിവരും താര നിരയിലുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നത്. ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്.