

ശ്രീധർ, അക്ഷധ, അനുരാധ
തെന്നിന്ത്യയിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുകയാണ് സൂര്യ നായകനായി എത്തുന്ന സീൻ. ഇടവേളയ്ക്കു ശേഷം നസ്രിയ നസീം നായികയായി എത്തുന്ന സിനിമയിൽ വില്ലനാകുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം നസ്‌ലിൻ ഗഫൂറാണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ആവേശം, രോമാഞ്ചം എന്നിവ സംവിധാനം ചെയ്ത ജിത്തു മാധവനാണ് സീനിന്‍റെ സംവിധായകൻ. അതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ നിരവധി പേർക്ക് സിനിമയിൽ അവസരവും ലഭിച്ചിട്ടുണ്ട്.
സീനിൽ സൂര്യയുടെ അമ്മയായ സെൽവി ഇരുദയരാജ് ആയി എത്തുന്നത് നടനും കൊറിയോഗ്രാഫറുമായ ശ്രീധറിന്‍റെ ഭാര്യ അനുരാധ ശ്രീധറാണ്. ഇരുവരുടെയും മകളായ അക്ഷധ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസറാണ്. അക്ഷധയുടെ റീലുകളിൽ അനുരാധയും ഭാഗമാകാറുണ്ട്.
ഈ റീൽസ് കണ്ടാണ് ജിത്തു മാധവന്‍റെ പങ്കാളിയായ ഷിഫിന അനുരാധയിലേക്കെത്തുന്നത്. സിനിമയിലെ പ്രധാനപ്പെട്ട റോൾ അനുരാധ അതിമനോഹരമായി തന്നെ അവതരിപ്പിച്ചു. ഇതെന്‍റെ അമ്മയാണെന്ന കുറിപ്പോടെ അമ്മയ്ക്കും കുടുംബത്തിനൊപ്പം സിനിമ കാണുന്ന റീലും അക്ഷധ പങ്കു വച്ചിട്ടുണ്ട്.