ചിങ്ങമാസത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് വന്നുചേർന്ന പാട്ടുകാരി; 43ാം പിറന്നാൾ സെയ്ഷൽസിൽ ആഘോഷിച്ച് റിമി ടോമി

പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി സെയ്ഷൽസിലെ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ റിമി തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു
Rimi Tomy celebrating her birthday in Seychelles. A photo shared on Instagram

സെയ്ഷൽസിൽ പിറന്നാൾ ആഘോഷിക്കുന്ന റിമി ടോമി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

Updated on

അതിമനോഹരമായ ദ്വീപ് രാജ്യമായ സെയ്ഷൽസിൽ 43ാം പിറന്നാൾ ആഘോഷിച്ച് ഗായിക റിമി ടോമി. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി സെയ്ഷൽസിലെ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ റിമി തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

പിറന്നാൾ തനിക്ക് ഏറെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണെന്ന് റിമി ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ പറഞ്ഞു. എന്നാൽ ഓരോ പിറന്നാളും ജീവിതത്തിൽ നിന്ന് ഒരു ദിവസം കൂടി പിന്നിലാകുന്നതിന്‍റെ ഓർമപ്പെടുത്തൽ കൂടിയാണെന്നും താരം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ലഭിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെയും സ്നേഹത്തോടെയും ആഘോഷിച്ചും ജീവിക്കണമെന്നാണ് റിമിയുടെ സന്ദേശം. ദൈവത്തിന്‍റെ അനുഗ്രഹത്തിന് നന്ദിയുണ്ടെന്നും താരം കുറിച്ചു.

റിമിയുടെ പിറന്നാൾ പോസ്റ്റിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി. നടിമാരായ ശ്വേത മേനോൻ, ജുവൽ മേരി തുടങ്ങിയവരും റിമിക്ക് ആശംസകൾ നേർന്നു.

പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ച റിമി, പിന്നീട് ടെലിവിഷൻ അവതരണത്തിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ‘മീശ മാധവൻ’ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഗാനത്തിലൂടെയാണ് റിമി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി ശ്രദ്ധ നേടിയത്. വ്യത്യസ്തമായ ആലാപനശൈലിയും ഊർജസ്വലമായ അവതരണവുമാണ് റിമിയെ മറ്റു ഗായകരിൽ നിന്ന് വേറിട്ടുനിർത്തിയത്.

ഗാനരംഗത്തിന് പുറമെ ടെലിവിഷൻ പരിപാടികളിലും റിമി സജീവ സാന്നിധ്യമാണ്. സ്വാഭാവികമായ സംസാരശൈലിയും നർമബോധവും വേദിയിലെ ഊർജവും അവതാരക എന്ന നിലയിലും റിമിക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു. വർഷങ്ങളായി സംഗീത-ടെലിവിഷൻ രംഗത്ത് സജീവമായ റിമി, ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെയും നിരന്തരം സംവദിക്കാറുണ്ട്.

യാത്രകളും സംഗീതവും ജീവിതത്തിലെ സന്തോഷനിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന റിമിയുടെ പോസ്റ്റുകൾക്കും വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. ഫിറ്റ്നസിനും തന്‍റെ ജീവിതത്തിൽ റിമി ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും ഫിറ്റ്നസ് വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

logo
Metro Vaartha
www.metrovaartha.com