

തേവർ സിനിമയിൽനിന്ന്.
AI generated summary, newsroom reviewed
കൊച്ചി: ഹ്യൂമറും ഉദ്വേഗവും നിറച്ച് 'തേവർ' സിനിമയുടെ ഓഫീഷ്യൽ ട്രയിലർ എത്തി. ഹൊറൈസൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാജൻ മൊട്ടമ്മൽ നിർമിച്ച് നിജീഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തുന്നതിന്റെ മുന്നോടിയായാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
"ഈ ഒറ്റ ഡീലു കൊണ്ട് നമ്മുടെ ലൈഫ് സെറ്റാക്കുകയാണെങ്കിൽ നമുക്ക് ഈ റിസ്ക് ഏറ്റെടുത്താലോ? കളി കാര്യമാകരുത്. ഗുഡ് ഐഡിയ", "ആദ്യം ഒരു കാറ് പിന്നെ പത്തു കാറ്, പിന്നെ നൂറു കാറ്, അങ്ങനെ നമ്മൾ കോടികൾ ഉണ്ടാക്കും..." എന്നിങ്ങനെ പുറത്തുവിട്ട ട്രയിലറിലെ രസകരമായ സംഭാഷണങ്ങളും ശ്രദ്ധ നേടുന്നുണ്ട്.
മൂന്ന് ചെറുപ്പക്കാരിലൂടെയാണ് ചിത്രത്തിന്റെ കഥാ പുരോഗതിയെന്ന് ട്രയിലറിൽ നിന്ന് വ്യക്തമാകുന്നു. കേരള-തമിഴ്നാട് അതിർത്തിയിൽ ഇരു ഭാഷക്കാരുടെയും സംസ്കാരത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ പ്രദേശത്ത് എത്തിച്ചേരുന്ന മൂന്ന് ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങളും, അവർക്ക് അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമ ലഭിക്കുന്നതോടെ കഥയിലുണ്ടാകുന്ന വഴിത്തിരിവുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ പ്രതിമയുടെ പേരിൽ പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങൾ നർമമുഹൂർത്തങ്ങളിലൂടെയും ഉദ്വേഗത്തിലൂടെയും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, ഡോ. രോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി, നിർമൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഐശ്വര്യ, പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം: ഔസേപ്പച്ചൻ, ഛായാഗ്രഹണം: എൽദോ ഐസക്ക്, എഡിറ്റിങ്: അയൂബ് ഖാൻ, കലാ സംവിധാനം: സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ: ഹംസ ദേശമംഗലം, മേക്കപ്പ്: മഹേഷ് ചേർത്തല, കോസ്റ്റ്യൂം ഡിസൈൻ: സുകേഷ് താനൂർ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ബിനു കുമാർ എസ്, കൊറിയോഗ്രാഫി: ശാന്തി കുമാർ, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ: വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ: മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ്: ഷിബി ദിവാദാസ്, പ്രൊഡക്ഷൻ മാനേജർ: അരുൺ കെ, പ്രൊഡക്ഷൻ കൺട്രോളർ: ജബ്ബാർ മതിലകം. വാർത്താ പ്രചരണം: വാഴൂർ ജോസ്.