'തുടക്കം' പുതിയ പോസ്റ്റർ; മകളുടെ സിനിമയിൽ മോഹൻലാൽ ഉണ്ടോ?

ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു; വിസ്‌മയ മോഹൻലാലും ആശിഷ് ജോ ആന്‍റണിയും പ്രധാന വേഷങ്ങളിൽ.
 Thudakkam Vismaya Mohanlal poster

മോഹൻലാൽ, ആശിഷ് ജോ ആന്‍റണി, വിസ്മയ.

Updated on

തീക്ഷ്‌ണ ഭാവത്തിൽ മോഹൻലാൽ, അല്പം ദൈന്യഭാവത്തിൽ വിസ്‌മയ. നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആന്‍റണി. പശ്ചാത്തലത്തിൽ ഒരു പൊലീസ് വാഹനം.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്ററാണിത്. മോഹൻലാലിന്‍റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്ത ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി.

ഓഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിനു മുന്നോടിയായാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിന്‍റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തേ സൂചിപ്പിച്ചിരുന്നു.

പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം മോഹൻലാലും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം അഖിൽ ജോർജ്, ജോമോൻ ടി. ജോൺ, എഡിറ്റിങ് ചമൻ ചാക്കോ.

logo
Metro Vaartha
www.metrovaartha.com