"എന്‍റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്, സലിയപ്പനോടുള്ള ആത്മബന്ധം അത്ര വലുതാണ്"; ട്രോളുകളിൽ പ്രതികരിച്ച് ടിനി ടോം

എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? അതിനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ‍?
 tini tom reacts trolls

ടിനി ടോം

Updated on

സലിം കുമാറിന്‍റെ മൃതദേഹത്തിന് അരികിൽ നിന്ന് പൊട്ടിക്കരഞ്ഞ ടിനി ടോമിന്‍റെ വീഡിയോ ഓൺലൈൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു കണ്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ടിനിക്കെതിരേ വ്യാപകമായി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു.

കരച്ചിൽ അഭിനയമാണ്, ആൾക്കാരെ കാണിക്കാനാണ്, എന്താണ് സാറ്റ് കളിക്കുവാണോ, സിനിമയിൽ ഇങ്ങനെ അഭിനയിച്ചിരുന്നെങ്കിൽ രക്ഷപെട്ടേനെ, സ്വയം കോമാളിയാവുന്നു, മരണ വീട്ടിലും ഷോ കാണിക്കല്‍, അഭിനയിച്ച് കുളമാക്കല്ലേടാ, ഈ അഭിനയം സിനിമയില്‍ കാണുന്നില്ല, ഇവന്‍റെ ഒക്കെ കുടുംബത്തില്‍ ഒരാള്‍ പോയാല്‍ പോലും ഇവനൊന്നും കരയില്ല, ഇത് ക്യാമറയ്ക്കു വേണ്ടിയുള്ള അഭിനയം, ആരാ പറഞ്ഞേ ഇയാള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല... എന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുക‍യാണ് ടിനി ടോം. പറവൂരില്‍ സംഘടിപ്പിച്ച സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കവെയാണ് ടിനി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

"ഞങ്ങൾക്കിടയിലുള്ളത് 30 വർഷത്തെ ചരിത്രമാണ്. അമ്മയിലെ പ്രതിസന്ധികളിൽ തനിക്ക് വേണ്ടി സംസാരിക്കാൻ തയാറെടുക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ചിതയിലേക്ക് വെക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ, നാദിര്‍ഷിക്കയുടെ അടുത്ത് നിന്ന് ഞാന്‍ കരഞ്ഞപ്പോള്‍ പലരും ട്രോളി.

ഞാൻ പുത്തൻവേലിക്കാരനാണ്. എന്നേക്കാൾ പ്രായമുണ്ടെങ്കിലും കോളെജിൽ എനെ ജൂനിയാറായിരുന്നു സലിയപ്പൻ. ജോലിയെടുത്താണ് സലിയപ്പൻ പഠിക്കാൻ വന്നത്. ആദ്യ കാലം മുതൽ തന്നെ ഞങ്ങൾക്കിടയിൽ ഒരു ആത്മബന്ധമുണ്ടായിരുന്നു. പിന്നീടങ്ങോട്ട് മിമിക്രിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഞാനും പക്രുവും സലിം കുമാറുമായിരുന്നു. വൈകുന്നേരങ്ങളിൽ സലിയപ്പനും ഞാനും മഹാരാജാസിന്‍റെ മുന്നിലെ ബെഞ്ചിൽ വന്നിരിക്കും. അവിടെയിരുന്ന് ഞങ്ങൾ രാഷ്ട്രീയവും മിമിക്രിയുമൊക്കെ സംസാരിക്കും.

പഠനമൊക്കെ കഴിഞ്ഞാണ് സലിയപ്പൻ നാദിർഷിക്കയുടെ ട്രൂപ്പിൽ കയറുന്നത്. പിന്നീട് എന്നെന്നും അവിടെയ്ക്ക് വിളിച്ചു. അതിന് ശേഷമാണ് ഡയാന സിൽവസ്റ്ററിന്‍റെ മിനിസ്ക്രീനിലേക്ക് ഞാനെത്തുന്നത്. സലിം കുമാര്‍ അവതരിപ്പിച്ച സലാം സലിമില്‍ ഞാന്‍ ആയിരുന്നു ഫസ്റ്റ് അസിസ്റ്റന്റും കോര്‍ഡിനേറ്ററും. ചെയ്ത എല്ലാ പരിപാടികളും സൂപ്പര്‍ ഹിറ്റായിരുന്നു.അതിന് ശേഷമാണ് സിനിമയിലേക്ക് കയറുന്നത്. ആദ്യകാലം മുതൽ ആഴ്ചയിലൊരിക്കൽ വിളിച്ച് ഞങ്ങൾ‌ ഏറെ നേരം സംസാരിക്കും. ഒരുപാട് കോമഡികൾ പറയും. അതൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

അതിനേക്കാളൊക്കെ എന്നെ ദുഖിപ്പിച്ച മറ്റൊരു സംഭവമുണ്ട്. അടുത്ത ആഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി. എനിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന കാര്യങ്ങള്‍ നോട്ട് ചെയ്ത് വച്ച് വരാനാരിക്കുകയായിരുന്നു അദ്ദേഹം. എന്‍റെ ചിറകാണ് ഒടിഞ്ഞു പോയത്. അമ്മയിലെ പല അംഗങ്ങളോടും വിളിച്ച് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കി എനിക്ക് സംസാരിക്കാന്‍ റെഡിയാവുകയായിരുന്നു. പ്രസിഡന്‍റിനോട് വരെ പറഞ്ഞിരുന്നു. അതല്ല എന്‍റെ നഷ്ടം. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിച്ച് അതിനൊരു കണ്‍ക്ലൂഷന്‍ പറഞ്ഞ് തരുന്ന രണ്ടു പേരുണ്ടായിരുന്നു. ഒന്ന് സംവിധായകന്‍ സിദ്ധിഖ് ഇക്കയായിരുന്നു. അദ്ദേഹം മരിച്ചുപോയി. പിന്നീട് സലിം കുമാറാണ്. ഇനി ഞാന്‍ ആരോട് ചോദിക്കും? ഒരാളില്ലാതായിപ്പോയി.

അതാണ് ഞാൻ പൊട്ടിക്കരഞ്ഞത്. എന്‍റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. പലരും ട്രോളുന്നുണ്ട്. പലരും പിന്തുണയ്ക്കുന്നുണ്ട്. കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറി നിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് ബൈബിളില്‍ പറയുന്നു. ഞാനത്രയും സ്നേഹിച്ചിട്ടുണ്ട്. എന്നെയും അത്രയും സ്നേഹിച്ചിട്ടുണ്ട്. സലിയപ്പൻ എന്നും ഞങ്ങളുടെ ഓർമകളിലുണ്ടാവും" ടിനി ടോം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com