'മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്നവകാശപ്പെടുന്ന രണ്ട് മുതുവാൻമാർ', വിശദീകരണവുമായി ലക്ഷ്മിപ്രിയ

മലയാള സിനിമയെ കുറിച്ച് വ്യാജ കഥകൾ പ്രചരിപ്പിക്കുന്ന രണ്ട് യൂട്യൂബർമാരെയാണ് താൻ ‘മുതുവാൻമാർ’ എന്ന് വിളിച്ചതെന്ന് നടി ലക്ഷ്മിപ്രിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു
Lakshmipriya slams two YouTubers over defamation case

ലക്ഷ്മിപ്രിയ

Updated on

'മുൻപ് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാൻമാർ' എന്ന പ്രയോഗത്തെക്കുറിച്ച് വിശദീകരണവുമായി നടി ലക്ഷ്മിപ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. താൻ ഉദ്ദേശിച്ചത് പരദൂഷണക്കാരായ രണ്ട് യൂട്യൂബർമാരെയാണെന്ന് ലക്ഷ്മപ്രിയ പറയുന്നു. അവർ നടൻമാരല്ലെന്നും വിശദീകരണം.

''രണ്ടു പേരും സിനിമാ ചരിത്രം പറയും. മരിച്ചു പോയവർ എന്നോ ജീവിച്ചിരിക്കുന്നവർ എന്നോ വ്യത്യാസമില്ലാതെ ആരെയും പറ്റി പറയും. കൂടുതലും സ്ത്രീകളെപ്പറ്റിയാണ്. ഇക്കിളി കഥകൾ ആണ് കൂടുതൽ താത്പര്യം. പണ്ടത്തെ ചില മഞ്ഞ മാസികകളെപ്പോലെ. ഒരാൾ അവകാശപ്പെടുന്നത് സിൽക്ക് സ്മിത മരിച്ചു കിടന്നപ്പോൾ മോർച്ചറിയിൽ നഗ്നത മറയ്ക്കാനുള്ള തുണി വാങ്ങി കൊടുത്തത് പോലും അദ്ദേഹമാണ് എന്നൊക്കെയാണ്''- ലക്ഷ്മിപ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചു.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ സിനിമാ വിശേഷങ്ങളും അധികം പേരും മൺ മറഞ്ഞു പോയവരും ഒക്കെ ആകുമ്പോ ശരിയാവാം എന്ന ഒരു തോന്നൽ കാണുന്നവർക്കുണ്ടാകും. നേരിട്ട് കണ്ട ദൃക്‌സാക്ഷി വിവരണം പോലെയാണ് പറച്ചിലെന്നും ലക്ഷ്മിപ്രിയ. ഇതുപോലെയുള്ള യൂട്യൂബർമാരെ നിരോധിക്കും വരെ താൻ പോരാടുമെന്നും അവർ പറയുന്നു.

കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്ത കേസ് ഒരു തുടക്കം മാത്രമാണ്. യൂട്യൂബിനും സെൻസറിങ് വേണം. എത്രയോ നല്ല വീഡിയോസ് ചെയ്യുന്ന ആളുകൾ ഉണ്ട്? കോഴിക്കോട് ഉള്ള ഒരു ഉമ്മയുണ്ട്. ആളുകളെ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഉമ്മ. നല്ല ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുന്നവർ, ഡാൻസ്, പാട്ട്, നാട്ടു വൈദ്യം അങ്ങനെ എത്ര എത്ര പേരുണ്ട്? അതൊന്നും ചെയ്യാതെ പരദൂഷണ വീഡിയോ ചെയ്യുന്നവരെ പൂട്ടുക തന്നെ ചെയ്യുമെന്നും ലക്ഷ്മിപ്രിയ പറയുന്നു.

ഇതിനിടെ, മുതുവാൻമാർ എന്ന് ലക്ഷ്മിപ്രിയ വിശേഷിപ്പിക്കുന്ന രണ്ടു പേർ ആരൊക്കെ എന്ന നിലയിലും ചർച്ചകൾ സജീവമാണ്. യൂട്യൂബിൽ നിരന്തരം വിവാദ വീഡിയോകൾ ചെയ്യുന്ന ആലപ്പി അഷ്റഫ്, ശാന്തിവിള ദിനേശ് എന്നിവരെയാണ് അവർ ഉദ്ദേശിക്കുന്നതെന്നാണ് കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com