
മെലിഞ്ഞ്, എല്ലുന്തിയ, ആരോഗ്യമില്ലാത്ത മോഡലുകൾ; സാറയുടെ രണ്ട് പരസ്യങ്ങൾക്ക് നിരോധനം
ലണ്ടൻ: ആരോഗ്യമില്ലാത്ത എല്ലുന്തിയ മോഡലുകളെ ഉപയോഗിച്ചതിന്‍റെ പേരിൽ ഫാഷൻ ബ്രാൻഡ് സാറയുടെ രണ്ട് പരസ്യങ്ങൾക്ക് വിലക്ക്. സാറയുടെ ആപ്പിലും വെബ്സൈറ്റിലുമാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്. യുകെയിലെ അഡ്‌വർടൈസിങ് റെഗുലേറ്റർ അഡ്‌വർട്ടൈസിങ് സ്റ്റാൻഡേഡ്സ് അഥോറിറ്റി (എഎസ്എ) ആണ് പരസ്യം നിരോധിച്ചിരിക്കുന്നത്. ഷാഡോ എഫക്റ്റ് ഉപയോഗിച്ചിരിക്കുന്നതിനാൽ മോഡലുകളുടെ കാലുകൾ അസാധാരണമാം വിധം മെലിഞ്ഞതായി കാണപ്പെട്ടുവെന്നും കൈകൾക്കു മുകളിലും കൈമുട്ടുകൾക്കു ശേഷവുമുള്ള ആകൃതി അസ്വാഭാവികമായി കാണപ്പെട്ടുവെന്നും എഎസ്എ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ചിത്രങ്ങളിലെയും മോഡലുകൾ അസാധാരണമാം വിധം മെലിഞ്ഞും ആരോഗ്യമില്ലാത്ത അവസ്ഥയിലുമാണുള്ളതെന്നും
പരസ്യങ്ങൾ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ നിർമിക്കേണ്ടതാണെന്നും എഎസ്എ സാറയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ തെറ്റായ ആരോഗ്യ ചിന്തകൾ പ്രചരിപ്പിക്കുമെന്നും എഎസ്എ പറയുന്നു. ഒരു ചിത്രത്തിൽ മോഡലിന്‍റെ കഴുത്തെല്ലുകൾ അസാധാരണമാം വിധം തെളിഞ്ഞു കാണുന്നതും എഎസ്എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് സാറ രണ്ടു പരസ്യങ്ങളും നീക്കം ചെയ്തു.
എന്നാൽ തങ്ങളുടെ മോഡലുകൾ ആരോഗ്യവതികളാണെന്ന് സാറ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങൾ ചെറിയ എഡിറ്റ് മാത്രമേ നടത്തിയിട്ടുള്ളൂ എന്നും സാറ പറയുന്നു. കഴിഞ്ഞ ജൂലൈയിൽ പ്രമുഖ കമ്പനിയായ മാർക്സ് ആൻഡ് സ്പെൻസറിന്‍റെ പരസ്യത്തെയും സമാനമായ കാരണത്താൽ നിരോധിച്ചിരുന്നു.