

ഉണ്ണി മുകുന്ദൻ
വിമർശകർക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദന്‍റെ നിർമാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ്. ആന്‍റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം കാട്ടാളൻ ഉണ്ണി മുകുന്ദന്‍റെ മാർക്കോ യൂണിവേഴ്സിന്‍റെ ഭാഗമാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. മാർക്കോയുടെ നിർമാതാക്കളായ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സാണ് കാട്ടാളനും നിർമിക്കുന്നത് എന്നതാണ് ഇത്തരത്തിലുള്ള പ്രചാരണത്തിന് കാരണമായത്. മാർക്കോയുടെ സഹനിർമാതാക്കളായ ഉണ്ണി മുകുന്ദൻ ഫിലിംസ് ഇത് തള്ളിക്കൊണ്ട് രംഗത്തെത്തി. പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.
ഉണ്ണി മുകുന്ദൻ എല്ലാവരുമായും ഉടക്കിലാണെന്നും സിനിമയിലെ മികച്ച അവസരങ്ങൾ ഈഗോയുടെ പേരിൽ കളയുകയാണെന്നുമാണ് പലരും കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി നിർമാണക്കമ്പനി തന്നെ രംഗത്തെത്തി. "ഞങ്ങളുടെ ബോസ് ഒരു ധീരനാണ്. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന് ശക്തമായ ധാർമിക അടിത്തറയുണ്ട്. അദ്ദേഹത്തിന്‍റെ കീഴിൽ വെറും നാല് വർഷത്തിനുള്ളിൽ ഉണ്ണി മുകുന്ദൻ ഫിലിംസ് ദേശീയ അംഗീകാരവും കൊമേഴ്സ്യൽ വിജയവും നേടിയിട്ടുണ്ട്." - എന്നായിരുന്നു ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ പ്രതികരണം.
‘കൈയിൽ കിട്ടിയ ഗോൾഡൻ ചാൻസ് അല്ലേ കൊണ്ട് തുലച്ചേ.. കുറച്ചൊക്കെ ഈഗോ കുറയ്ക്കണം കേട്ടോ.’ എന്നായിരുന്നു കമന്റ്. ഇതിന്, ‘‘പ്രിയപ്പെട്ടവരേ, കഥയുടെ രണ്ട് വശവും നിങ്ങൾക്ക് അറിയാത്തതിനാൽ, നിങ്ങളുടെ കാഴ്ചപ്പാടുകളിൽ തന്നെ ഉറച്ചുനിൽക്കുക’’ എന്നായിരുന്നു കമന്‍റ്. കൂടാതെ നിരവധി ആരാധകരും താരത്തിനെതിരേ വിമർശനവുമായി എത്തുന്നുണ്ട്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മാർക്കോ 2 സിനിമയുമായി വരണം എന്നാണ് പലരും കുറിക്കുന്നത്.