'ആവേശം', 'വർഷങ്ങൾക്കു ശേഷം', 'ജയ് ഗണേഷ്'; വിഷുച്ചിത്രങ്ങളെത്തി|Video

തിയെറ്ററുകളെ പൂരപ്പറമ്പുകളാക്കാനെത്തിയ വിഷുച്ചിത്രങ്ങൾ പരിചയപ്പെടാം.
'ആവേശം', 'വർഷങ്ങൾക്കു ശേഷം', 'ജയ് ഗണേഷ്';  വിഷുച്ചിത്രങ്ങളെത്തി|Video
Updated on

തിയറ്ററുകളിൽ വിഷുവാഘോഷത്തിന് തിരികൊളുത്തി മലയാള സിനിമ. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് എന്നീ മൂന്നു വിഷു ചിത്രങ്ങളാണ് ഏപ്രിൽ 11ന് ഒരുമിച്ച് റിലീസ് ചെയ്തിരിക്കുന്നത്. 2024ൽ ഭ്രമയുഗവും പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും തുടങ്ങി വച്ച ഗംഭീര വിജയങ്ങൾ വിഷുച്ചിത്രങ്ങൾ കൂടി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് മലയാളം സിനിമാ ഇൻഡസ്ട്രിയും പ്രേക്ഷകരും. പുതിയ വിഷുചിത്രങ്ങൾ പരിചയപ്പെടാം.

ആവേശം

യുവതാരം ഫഹദ് ഫാസിലിന്‍റെ അതിഗംഭീര പെർഫോമൻസുമായാണ് ആവേശം തിയെറ്ററുകളിലേക്കെത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലറുകളെല്ലാം വൻ ഹിറ്റായിരുന്നു. രംഗൻ എന്ന ഗുണ്ടയായാണ് ഫഹദ് സിനിമയിൽ എത്തുന്നത്. കോളെജ് വിദ്യാർഥികളെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെ കഥ ചില യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണെന്നും റിപ്പോർട്ടുകളുണ്ട്. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, വ്ലോഗർ ഹിപ്സ്റ്റർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ് , ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം.

വർഷങ്ങൾക്കു ശേഷം

സൂപ്പർഹിറ്റ് ചിത്രം ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നിവിൻ പോളിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ട്രെയിലറുകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഇതിനിടെ തന്നെ വർഷങ്ങൾക്കു ശേഷം വൻ ജനശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിട്ടുണ്ട്. ഈ വിജയം തിയറ്ററുകളിലും ആവർത്തിക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മെറിലാൻഡ് ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജയ് ഗണേഷ്

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോമോളും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ എന്നിവരും സിനിമയിലുണ്ട്. മാളികപ്പുറത്തിനു ശേഷം ഉണ്ണി മുകുന്ദന്‍റേതായി തിയെറ്ററുകളിലെത്തുന്ന ചിത്രമാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com