

റാപ്പർ വേടൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം പതിവു പോലെ വിവാദങ്ങൾക്കുള്ള കളമൊരുക്കിയിരിക്കുകയാണ്. ഇത്തവണ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ബലാത്സംഗ കേസിൽ ആരോപണ വിധേയനായ വേടനാണ് പുരസ്കാര ജേതാവ്. പുരസ്കാരം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ വിമർശനങ്ങളും താരതമ്യങ്ങളും കളം നിറയുകയാണ്.
വേടന്‍റെ ഗാനങ്ങൾ മികച്ചതാണെന്ന് നിസ്സംശയം പറയുന്നവർ പോലും മുൻപ് ഇത്തരം വിവാദങ്ങളിൽ പെട്ട് പുരസ്കാരങ്ങളുടെ പരിഗണനാ പട്ടികയിൽ നിന്ന് പോലും മാറ്റി നിർത്തപ്പെട്ടവരെ ചൂണ്ടിക്കാട്ടിയാണ് നീതിനിഷേധം ആരോപിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്കാരം ലഭിച്ചത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു. ഇത്തരമൊരു കേസിൽ ആദ്യമായല്ല വേടൻ പ്രതിചേർക്കപ്പെടുന്നത് എന്നതും വാസ്തവം.
അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി സംവിധായകന്‍ കെ.പി. വ്യാസന്‍ രംഗത്തെത്തിയിരുന്നു. വേടന്‍റെ സ്ഥാനത്ത് ദിലീപായിരുന്നു സംസ്ഥാന അവാര്‍ഡ് നൽകിയതിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
വേടന്‍റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാർ ചർച്ചിച്ചു ചർച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ?
ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ......
ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്.
ആയതിനാൽ ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയർമാൻ എങ്കിലും എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. ചില വർഷങ്ങൾക്കു മുൻപ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാർഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ്ഞ് ബഹളം വച്ച സാംസ്കാരിക നായകർക്കും സർക്കാരിന് തന്നെയും നല്ല നമസ്കാരം എന്നാണ് വ്യാസൻ കുറിച്ചിരിക്കുന്നത്.
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണെന്ന വിമർശനവുമായി എഴുത്തുകാരി ഇന്ദു മേനോൻ രംഗത്തെത്തി. മയക്കോ വിസ്കിയെയും യഹൂദ അമിച്ചായിയെയും പഴയ റഷ്യൻ യൂറോപ്പ്യൻ വിപ്ലവ കവിതകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വായിച്ച് പോലും നോക്കാത്ത ജൂറികളും അവരുടെ നിലപാടുകളും...ആഹഹാ അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ, എന്നായിരുന്നു പ്രതികരണം.
2021 ൽ ഇന്ദ്രൻസിന് അവാർഡ് നിഷേധിച്ചതും വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്‍റെ നിർമാതാവിനെതിരേ ആരോപണവും കേസുമുണ്ടായതിനെ തുടർന്ന് അഭിനേതാക്കൾക്ക് പുരസ്കാരം നിഷേധിച്ചിരുന്നു. ഇത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.
സംഭവം വിവാദമായതിനു പിന്നാലെ ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്‍റേതെന്ന് പ്രകാശ് രാജ് പറഞ്ഞു. വേടന്‍റെ പാട്ടുകളിലെ അതിജീവനത്തിനുള്ള ത്വര കണ്ടില്ലെന്ന് നടിക്കാനാവാത്തതിനാലാണ് പുരസ്കാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.
സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി പുരസ്കാരം നൽകാനാവില്ലെന്നത് വാസ്തവമാണെങ്കിലും പ്രത്യേക പരിഗണനകൾ ആർക്കും നൽകേണ്ടതില്ലെന്നതാണ് ശരിയായ നയം. മുന്നത്തെ വർഷങ്ങളിലേത് പോലെ മാറ്റനിർത്തണമെന്നില്ല. കഴിവിന്, പ്രകടനത്തിന് അർഹമായ പരിഗണന നൽകാം. പക്ഷേ അത് ഒരാൾക്ക് വേണ്ടി മാത്രം മാറ്റേണ്ടതില്ലെന്നും അഭിപ്രായങ്ങളുയരുന്നു.