

റോബർട്ട് പാറ്റിൻസൺ, നിക്കോളാസ് ഹോൾട്ട്
ലോസ് ആഞ്ചലസ്: ലോകപ്രശസ്ത രഹസ്യാന്വേഷണ ഏജന്‍റായ ജെയിംസ് ബോണ്ടിനെ വെള്ളിത്തിരയിൽ പുതുതായി ആരാകും അവതരിപ്പിക്കുക എന്നതിന്‍റെ ഉദ്വേഗത്തിലാണ് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ. ബ്രിട്ടീഷ് താരങ്ങളായ റോബർട്ട് പാറ്റിൻസണും നിക്കോളാസ് ഹോൾട്ടും അടുത്ത ജെയിംസ് ബോണ്ട് ആകാനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുവരും ഐതിഹാസിക ചാരകഥാപാത്രമായ ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നതിനായി സ്ക്രീൻ ടെസ്റ്റിൽ പങ്കെടുത്തതായാണ് വിവരം.
26-ാമത് ജെയിംസ് ബോണ്ട് ചിത്രത്തിന്‍റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. 007 എന്ന കഥാപാത്രത്തെ 15 വർഷത്തോളം അവതരിപ്പിച്ച ഡാനിയൽ ക്രെയ്ഗ് പിന്മാറിയതോടെയാണ് പുതിയ താരത്തെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്.
ഡിസി സ്റ്റുഡിയോയുടെ സൂപ്പർഹീറോ ചിത്രങ്ങളിൽ ബാറ്റ്മാനായി എത്തിയ റോബർട്ട് പാറ്റിൻസൺ 'ട്വൈലൈറ്റ്', 'ഹാരി പോട്ടർ' സിനിമാ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ഡെനിസ് വില്ലെന്യൂവിന്‍റെ 'ഡ്യൂൺ: പാർട്ട് ത്രീ' ആണ് പാറ്റിൻസണിന്‍റെ അടുത്ത ചിത്രം.
ഡിസിയുടെ 'സൂപ്പർമാൻ' ചിത്രങ്ങളിൽ ലെക്സ് ലൂഥറായെത്തിയ നിക്കോളാസ് ഹോൾട്ട് 'എക്സ്-മെൻ' പ്രീക്വൽ ട്രിലജിയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആമസോൺ എംജിഎം സ്റ്റുഡിയോയുടെ 'ഹൗ ടു റോബ് എ ബാങ്ക്' ആണ് ഹോൾട്ടിന്‍റെ വരാനിരിക്കുന്ന ചിത്രം. നവംബർ 13ന് ചിത്രം തിയെറ്ററുകളിലെത്തും.
അടുത്ത ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത് ഡെനിസ് വില്ലെന്യൂവാണ്. നിർമാതാക്കളായ ആമി പാസ്കലും ഡേവിഡ് ഹെയ്മാനും ചേർന്നാണ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രം ഒരുക്കുന്നത്.
കാലം ടർണർ, ജോഷ് ഒ'കോണർ, ജാക്ക് ലോഡൻ എന്നിവരുടെ പേരുകളും ബോണ്ട് കഥാപാത്രത്തിനായി ഉയർന്നുകേൾക്കുന്നുണ്ട്. ഗായകനും നടനുമായ ഹാരി സ്റ്റൈൽസുമായി ബോണ്ട് വേഷം സംബന്ധിച്ച് ചർച്ചകൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. തിയോ ജെയിംസും മത്സരരംഗത്തുണ്ടെന്നാണ് വിവരം. മുൻ ജെയിംസ് ബോണ്ട് താരം പിയേഴ്‌സ് ബ്രോസ്നൻ കാലം ടർണറെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
2006ൽ പുറത്തിറങ്ങിയ 'കാസിനോ റോയൽ' മുതൽ 2021ലെ 'നോ ടൈം ടു ഡൈ' വരെ അഞ്ച് ചിത്രങ്ങളിലാണ് ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി വേഷമിട്ടത്.