ഓട്ടംതുള്ളലിന് പുതിയ മുഖം

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന വിജയരാഘവൻ ചിത്രത്തിൽ ഗ്രാമത്തിലെ ഒരു കുടുംബപ്രശ്‌നം ഗ്രാമത്തിന്‍റെ പ്രശ്നമായി മാറുന്ന കഥ നർമത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു
Ottamthullal poster: rural family comedy film releasing July 24

ഓട്ടം തുള്ളൽ സിനിമയുടെ പുതിയ പോസ്റ്ററിൽ വിജയരാഘവനും സഹതാരങ്ങളും.

Updated on

ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു എന്ന ടാഗ് ലൈനോടെ, ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിനു പുതിയ പോസ്റ്റർ എത്തി. വിജയരാഘവന്‍റെ ക്ലോസപ്പ് ലുക്കും അടുത്തു തന്നെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ ചിത്രങ്ങളുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെകെഎസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമിക്കുന്നു. തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിലെ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്‍റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ജൂലൈ 24ന് ചിത്രം തിയെറ്ററുകളിലെത്തും.

വിജയരാഘവനു പുറമേ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു., ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, പൗളി വത്സൻ, സേതു ലഷ്മി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്‍റേതാണു തിരക്കഥ. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവർഗാനങ്ങൾ രചിച്ചിരിക്കുന്നു. രാഹുൽ രാജിന്‍റേതാണ് സംഗീതം. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.

logo
Metro Vaartha
www.metrovaartha.com