

വിവേക് ഒബ്‌റോയി
മുംബൈ: 2004ല്‍ സ്ത്രീകള്‍ക്കായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ബോളിവുഡിലെ ഒരു ലോബി തന്നെ ശിക്ഷിക്കുകയും കരിയറില്‍ വലിയ തിരിച്ചടികള്‍ നല്‍കുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിവേക് ഒബ്റോയ്. റീലേണ്‍ വിത്ത് കാഷ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് താരം തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
സല്‍മാന്‍ ഖാന്‍, ഐശ്വര്യാ റായ് എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷമുണ്ടായ സംഭവങ്ങള്‍ കേവലം വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ലെന്നും വലിയ ആഘാതമാണ് അവ തന്നില്‍ സൃഷ്ടിച്ചതെന്നും വിവേക് ഒബ്‌റോയി പറഞ്ഞു.
സ്ത്രീകളോട് പെരുമാറുമ്പോള്‍ മറികടക്കാന്‍ പാടില്ലാത്ത ചില പരിധികളുണ്ടെന്ന വിശ്വാസത്തോടെയാണ് താന്‍ അന്ന് നിലപാടെടുത്തതെന്ന് വിവേക് ഓര്‍ത്തെടുത്തു. തെറ്റാണെന്ന് തോന്നിയ കാര്യങ്ങള്‍ക്കെതിരേ പ്രതികരിച്ചതോടെ താന്‍ വലിയ രീതിയിലുള്ള ഭീഷണികള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും ഇരയാക്കപ്പെട്ടെന്നാണ് വെളിപ്പെടുത്തല്‍.