

ജപ്പാനിലേക്ക് 10 ദിവസത്തെ ടൂറുമായി ഇന്ത്യൻ റെയ്ൽവേ
ഇന്ത്യൻ റെയ്ൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഡൽഹിയിൽ നിന്ന് ജപ്പാനിലേക്ക് 10 ദിവസത്തെ പ്രത്യേക ടൂർ പാക്കേജ് പ്രഖ്യാപിച്ചു. ഒരാൾക്ക് 3,45,999 രൂപ മുതൽ ആരംഭിക്കുന്ന പാക്കേജിൽ ജപ്പാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനാകും. സെപ്റ്റംബർ ആറിനാണ് യാത്ര ആരംഭിക്കുന്നത്. സെപ്റ്റംബർ 15ന് ഡൽഹിയിൽ മടങ്ങിയെത്തും.
ടോക്കിയോ, ഹക്കോനെ, ഹമാമത്സു, ക്യോട്ടോ, ഒസാക്ക, നാര, ഹിരോഷിമ എന്നിവയാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന നഗരങ്ങൾ. കൂടാതെ കാലാവസ്ഥ അനുകൂലമായാൽ മൗണ്ട് ഫുജിയും സന്ദർശിക്കും. ജപ്പാന്‍റെ പ്രശസ്തമായ ഷിങ്കൻസെൻ (ബുള്ളറ്റ് ട്രെയിൻ) യാത്രയും ഈ ടൂറിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിലുള്ള പാക്കേജിന് 3,45,999 രൂപ, ട്വിൻ ഷെയറിങ്ങിന് 3,49,999 രൂപ, സിംഗിൾ ഒക്ക്യുപൻസിക്ക് 4,73,999 രൂപ എന്നിങ്ങനെയാണ് നിരക്ക്. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ബെഡോടുകൂടിയ പാക്കേജ് 2,92,499 രൂപയ്ക്കും ബെഡില്ലാത്ത പാക്കേജ് 2,63,999 രൂപയ്ക്കും ലഭിക്കും.
റിട്ടേൺ ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, ഫോർ സ്റ്റാർ ഹോട്ടൽ താമസം, ജപ്പാൻ ടൂറിസ്റ്റ് വിസ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, വിമാനത്താവള ട്രാൻസ്ഫർ, എയർ കണ്ടീഷൻഡ് വാഹനങ്ങളിലെ കാഴ്ചസഞ്ചാരം, 70 വയസിൽ താഴെയുള്ളവർക്ക് ട്രാവൽ ഇൻഷുറൻസ്, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡ്, നികുതികൾ എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടോക്കിയോയിലെ അസകുസ ക്ഷേത്രം, നകാമിസെ ദോരി, ഉഎനോ പാർക്ക്, ഒഡൈബ, ടീംലാബ് പ്ലാനെറ്റ്സ്, ഹക്കോനെ റോപ്പ്‌വേ, പൈററ്റ് ഷിപ്പ് ക്രൂയിസ്, ക്യോട്ടോയിലെ അരാഷിയാമ ബാംബു ഫോറസ്റ്റ്, കിൻകാകുജി ക്ഷേത്രം, ഫുഷിമി ഇനാരി, ഒസാക്ക കാസിൽ, നാര ഡിയർ പാർക്ക്, ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക്, മിയാജിമ ദ്വീപ് എന്നിവയും യാത്രാപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബുക്കിങ് നടത്തുന്നവർക്ക് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് നിർബന്ധമാണ്. പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ജപ്പാൻ വിസയ്ക്ക് ആവശ്യമായ സാമ്പത്തിക, തൊഴിൽ സംബന്ധമായ രേഖകളും സമർപ്പിക്കേണ്ടതുണ്ടെന്ന് ഐആർസിടിസി അറിയിച്ചു.