

2025 ലെ വാക്ക് 'പാരാസോഷ്യൽ'; അർഥമറിയാം
ടെക്സസ്: വേഡ് ഒഫ് ദി ഇയർ പ്രഖ്യാപിച്ച് കേംബ്രിഡ്ജ് സർവകലാശാല. പാരാസോഷ്യൽ എന്ന വാക്കിനെയാണ് 2025ലെ വാക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വാക്ക് കേൾക്കുന്നത് ചിലപ്പോൾ ആദ്യമായായിരിക്കും, പക്ഷേ ഈ അവസ്ഥ പലരും അനുഭവിച്ചിട്ടുണ്ടാകും എന്നതാണ് യാഥാർഥ്യം. പൊതുരംഗത്തുള്ള ഒരു വ്യക്തിയോട്, സിനിമാ താരത്തോട്, കായികതാരത്തോട്, ഇൻഫ്ലുവൻസറോട് ഒരു പക്ഷേ സാങ്കൽപ്പിക കഥാപാത്രത്തോടും പോലും ശക്തമായ വൈകാരിക അടുപ്പമുണ്ടാകുന്ന അവസ്ഥയെയാണ് പാരാസോഷ്യൽ റിലേഷൻഷിപ്പ് എന്ന വാക്കിലൂടെ അർഥമാക്കുന്നത്. എന്നാൽ മറുപുറത്തുള്ള വ്യക്തിക്ക് നിങ്ങളെക്കുറിച്ച് അറിയുകയുമില്ല. നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടാകുകയുമില്ല. ഒരാൾക്ക് പ്രശസ്തനായ ഒരു വ്യക്തിത്വവുമായി ഉണ്ടാകുന്ന കണക്ഷൻ എന്നാണ് കേംബ്രിഡ് വാക്കിന് നൽകിയിരിക്കുന്ന അർഥം. ഒരു ഭാഗത്തു നിന്നു മാത്രമുള്ള ഈ കണക്ഷൻ ആഴമേറിയതും വൈകാരികവുമായിരിക്കും. ഇതു വളരെ പൊതുവായി ഭൂരിഭാഗം പേരിലും കാണപ്പെടുന്നുവെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം.
ഈ വാക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1956 മുതൽ ഈ വാക്ക് ഉപയോഗിച്ചു വരുന്നുണ്ട്. പഴയ കാലത്ത് ടെലിവിഷൻ പ്രേക്ഷകരിൽ ഇത്തരം അവസ്ഥ സാധാരണയായിരുന്നു. ടിവിയിൽ വരുന്ന വ്യക്തികൾ, അവതാരകർ, ടോക്ക്- ഷോ ഹോസ്റ്റുകൾ, കഥാപാത്രങ്ങൾ എന്നിവരെല്ലാം എല്ലാ ദിവസവും ടിവിയിൽ പ്രത്യക്ഷപ്പെടുന്നതിനാൽ ചിരപരിചിതനും കുടുംബാംഗങ്ങളെപ്പോലെ അടുപ്പം തോന്നുന്നവരുമായിരുന്നുവെന്ന് ചിക്കാഗോ സർവകലാശാലയിലെ സോഷ്യോളജിസ്റ്റുകൾ പറയുന്നു.
സമൂഹമാധ്യമങ്ങൾ വന്നതോടെ ഈ അവസ്ഥ വലിയ രീതിയിൽ വർധിച്ചു. നിങ്ങൾ സ്ഥിരമായി കാണുന്ന ഒരു സെലിബ്രിറ്റിയെ നന്നായി അറിയാമെന്ന് നിങ്ങൾക്കു തോന്നും. എന്നാൽ ആ സെലിബ്രിറ്റിക്ക് നിങ്ങളെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരിക്കുകയുമില്ല. സ്കിബിഡി, ഡെലുലു, ട്രാഡ്‌വൈഫ് എന്നീ പുതിയ വാക്കുകളും ഡിക്ഷ്ണറിയിൽ ഇടം പിടിച്ചിട്ടുണ്ട്.