

രണ്ട് മുറി ഫ്ലാറ്റിന് നാല് ലക്ഷം രൂപ ഡെപ്പോസിറ്റ്, ബെംഗളൂരുവിൽ താമസിക്കാൻ എളുപ്പമല്ല!
രാജ്യത്ത് ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. നഗരത്തിലേക്ക് താമസം മാറിയെത്തുന്നവർക്ക് തങ്ങളുടെ പോക്കറ്റ് കാലിയാകാതെ താമസസൗകര്യം കണ്ടെത്താൻ വലിയ കഷ്ടപ്പാടാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരാൾ പങ്കുവച്ച പോസ്റ്റാണ്. രണ്ട് മുറികളുള്ള ഒരു ഫ്ലാറ്റിന് നാല് ലക്ഷം രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെട്ടു എന്നാണ് പോസ്റ്റിൽ പറയുന്നത്.
ഓഫിസിലേക്ക് നടന്ന് പോകാവുന്ന ദൂരത്തിൽ നല്ല ഒരു ഏരിയയിൽ രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റ് കണ്ടെത്തി. നല്ല താമസ സ്ഥലത്തിനായി കൂടുതൽ പണം മുടക്കാൻ ഞാൻ തയാറായിരുന്നു. നന്നായി അലങ്കരിച്ച ലിവിങ് റൂമും നല്ല വ്യൂ ഉള്ള ബാൽക്കണിയും ഫ്ലാറ്റിനുണ്ടായിരുന്നു. മുഴുവനായി ഫർണിഷ് ചെയ്ത ഫ്ലാറ്റ് എന്നാണ് പരസ്യത്തിൽ ഉണ്ടായിരുന്നതെങ്കിലും അവിടെ ഫ്രിഡ്ജോ വാഷിങ് മെഷീനോ ഡൈനിങ് ടേബിളോ ഒരു മുറിയിൽ കട്ടിലോ ഉണ്ടായിരുന്നില്ല. ഇതിലും നല്ല സൗകര്യങ്ങളുള്ള പിജി താൻ കണ്ടിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
മെയിന്‍റനൻസ് ഉൾപ്പടെ 70,000 രൂപയാണ് ചോദിച്ചത്. ഡെപ്പോസിറ്റായി ആവശ്യപ്പെട്ടത് 3-4 ലക്ഷം രൂപയും. എല്ലാ വർഷവും 7-8 ശതമാനം വാടകയിൽ വർധനവ് ഉണ്ടാകുമെന്നും ഉടമ പറഞ്ഞു. 2 ബിഎച്ച്കെ ഫ്ലാറ്റിന് 70,000 രൂപ കൊടുക്കുമ്പോൾ ഒരു കൊട്ടാരം പ്രതീക്ഷിച്ചില്ലെങ്കിലും പ്രീമിയം ഫ്ലാറ്റെങ്കിലും പ്രതീക്ഷിക്കും. വലിയ മുറിയും പൂർണമായി ഫർണിഷ് ചെയ്ത ഫ്ലാറ്റുമായിരുന്നെങ്കിൽ പ്രശ്നമില്ല.
അവസാനം ഞാൻ മാസം 65,000 രൂപ വാടകയും മൂന്ന് മാസത്തെ വാടക ഡെപ്പോസിറ്റായും നൽകാമെന്നും പറഞ്ഞു. പക്ഷേ, അവർക്ക് അത് പറ്റില്ലായിരുന്നു. അതുകൊണ്ട് ഞാൻ ആ പ്രോപ്പർട്ടി വേണ്ടെന്നുവച്ചു- ഇതാണ് പോസ്റ്റിലുള്ളത്.
പിന്നാലെ കഴുത്തറുപ്പൻ രീതിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ബെംഗളൂരുവിൽ എന്തും നടക്കും എന്ന അവസ്ഥയാണ് എന്നാണ് കമന്‍റുകൾ.