രണ്ട് മാസം ഉറങ്ങി നേടിയത് 9.6 ലക്ഷം രൂപ; സ്ലീപ്പ് ചാമ്പ്യനായി മുംബൈക്കാരി, നിങ്ങൾക്കും മത്സരിക്കാം

2 ലക്ഷം പേരാണ് സ്ലീപ് ചാമ്പ്യൻഷിപ്പിനു വേണ്ടി അപേക്ഷ നൽകിയിരുന്നത്.
9.6 lakh rupees by sleeping for two months; Mumbai woman crowned 'Sleep Champion'—you can compete too

ജിനിയ ചാറ്റർജി

Updated on: 

മുംബൈ: സ്ലീപ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് 9.6 ലക്ഷം രൂപ സ്വന്തമാക്കി മുംബൈ സ്വദേശിനിയായ ജിനിയ ചാറ്റർജി. രണ്ടു മാസം ഉറങ്ങിയാണ് സ്ലീപ് ഇന്‍റേൺഷിപ്പിൽ ജിനിയ വിജയിയായത്. രണ്ടു ലക്ഷം പേരാണ് സ്ലീപ് ചാമ്പ്യൻഷിപ്പിനു വേണ്ടി അപേക്ഷ നൽകിയിരുന്നത്. ഹോം ആൻഡ് ഫർണിഷിങ് കമ്പനിയായ വേക്ഫിറ്റ് ആണ് അസാധാരണമായ മത്സരം സംഘടിപ്പിച്ചിരുന്നത്. ഉറക്കത്തിന് മുൻഗണന നൽകുന്നവരെയാണ് മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നത്. ഉറക്കത്തിന് നിശ്ചിത സമയം മാറ്റി വയ്ക്കുന്നതിനു പുറമേ സർഗാത്മകമായ ചില മത്സരങ്ങളും ഒരുക്കിയിരുന്നു.

അപേക്ഷ നൽകിയ രണ്ട് ലക്ഷം പേരിൽ നിന്ന് പല ഘട്ടങ്ങളിലായുള്ള അഭിമുഖങ്ങൾക്കും സ്ക്രീനിങ്ങിനും ശേഷം 10 പേരെ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. 60 ദിവസം നീണ്ടു നിന്ന മത്സരത്തിൽ ഓരോ ദിവസവും അവരുടെ ഉറക്കത്തെ വിലയിരുത്തി സ്കോർ നൽകുകയായിരുന്നു പതിവ്.

വെറുതേ ഉറങ്ങുക എന്നതിനു പുറമേ മറ്റു ചില വെല്ലുവിളികളും മത്സരാർഥികൾക്കു നേരിടേണ്ടതായി വന്നിരുന്നു. അതിലൊന്നാണ് സ്ലീപ് സിനിമ എന്ന ടാസ്ക്. ഹിറ്റ് സിനിമകളിലെ സീനുകൾ ഉറക്കവുമായി ബന്ധപ്പെടുത്തി മാറ്റി അഭിനയിക്കുക എന്നതായിരുന്നു ടാസ്ക്. അണ്ടർ കവർ സ്ലീപ് മിഷൻ, സ്ലീപ് ബിംഗോ തുടങ്ങിയ ടാസ്കുകളും ഉണ്ടായിരുന്നു. ഓരോ ആഴ്ചയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് പ്രൊ സ്ലീപ്പർ പുരസ്കാരവും നൽകിയിരുന്നു. ജിനിയക്കു പുറമേ രത്നഗിരി മണികണ്ഠൻ, മേഹെക് ഖോട്ട് എന്നിവരാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹൈദരാബാദിൽ നിന്നുള്ള കരീം ഖാൻ വൈൽഡ് കാർഡ് ആ‍യും പ്രവേശിച്ചു.

ബിഗ് ബെഡ് എന്നാണ് ഫിനാലെക്കു നൽകിയിരുന്ന പേര്. പ്രതീകാത്മക ചിത്രങ്ങൾ തിരിച്ചറിഞ്ഞ് കിടപ്പറ ക്രമീകരിക്കുക, ഉറങ്ങാനുള്ള അത്യാവശ്യ വസ്തുക്കൾ അതായത്, തലയണ, എസി , ലൈറ്റ്, ശബ്ദം എന്നിവയുടെ ക്രമീകരണം എന്നിവയും ഫൈനലിലെ മത്സരങ്ങളായിരുന്നു. അവസാന രാത്രിയിലെ ഉറക്കത്തിന്‍റെ സ്കോറാണ് വിജയിയെ നിശ്ചയിച്ചത്. വിജയിയായ ജിനിയക്ക് വേക് ഫിറ്റ് ഒരു അവധിക്കാല യാത്രയും സമ്മാനിച്ചിട്ടുണ്ട്.

2019ലാണ് സ്ലീപ് ഇന്‍റേൺഷിപ്പ് ആരംഭിച്ചത്. ആദ്യ നാലു സീസണുകളിലായി 10 ലക്ഷം പേരാണ് അപേക്ഷ അയച്ചിരുന്നത്. മത്സരങ്ങളിൽ വിജയിച്ച 65 പേർക്ക് സ്റ്റൈപൻഡ് ആയി ഒരു ലക്ഷം രൂപ വീതവും ലഭിച്ചു. അടുത്ത സീസണിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. വേക്ഫിറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്കും അപേക്ഷ സമർപ്പിക്കാം.