ബോളിവുഡ് സിനിമയിലെ മനോഹര ദൃശ്യങ്ങളെ ഓർമിപ്പിക്കുന്ന റെയ്ൽവേ സ്റ്റേഷൻ; ചുറ്റും മലനിരകളും പച്ചപ്പും നിറഞ്ഞ ഈ സ്റ്റേഷൻ ഏതാണെന്നറിയാം

ഇന്ത്യയിലെ തിരക്കേറിയ മറ്റ് റെയ്ൽവേ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി പച്ചപ്പും മലനിരകളും നിറഞ്ഞ ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

Yog Nagari Rishikesh Railway Station in Uttarakhand

ഉത്തരാഖണ്ഡിലെ യോഗ് നഗരി ഋഷികേശ് റെയ്ൽവേ സ്റ്റേഷൻ

Updated on: 

ചുറ്റും പച്ചപ്പും മനോഹരമായ മലനിരകളും. ബോളിവുഡ് സിനിമകളിലെ മനോഹരമായ ദൃശ്യങ്ങളെ ഓർമിപ്പിക്കുന്ന ഈ റെയ്ൽവേ സ്റ്റേഷൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണിപ്പോൾ. ഉത്തരാഖണ്ഡിലെ യോഗ് നഗരി ഋഷികേശ് റെയ്ൽവേ സ്റ്റേഷനാണ് മനോഹരമായ കാഴ്ചകളും വൃത്തിയുള്ള പരിസരവും മികച്ച സേവനങ്ങളും കൊണ്ട് യാത്രക്കാരുടെ പ്രശംസ നേടുന്നത്.

ഇന്ത്യയിലെ തിരക്കേറിയ മറ്റ് റെയ്ൽവേ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി പച്ചപ്പും മലനിരകളും നിറഞ്ഞ ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. അടുത്തിടെ ട്രെയ്നിൽ ഋഷികേശിലെത്തിയ ഒരു കണ്ടന്‍റ് ക്രിയേറ്ററാണ് സ്റ്റേഷന്‍റെ മനോഹാരിതയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. സ്റ്റേഷനിലെ സേവനങ്ങൾ, വൃത്തിയുള്ള പരിസരം, മനോഹരമായ കാഴ്ചകൾ എന്നിവ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം കുറിച്ചു. ദി വോയ്സ് മാറ്റേഴ്സ് പോഡ്കാസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജിന് ഉടമയായ കണ്ടന്‍റ് ക്രിയേറ്ററാണ് ഇത് പങ്കുവച്ചത്.

സർക്കാരിനെ വിമർശിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്‍റെയും അവകാശമാണെന്നും അതേസമയം നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഷ് രാജ് ഫിലിംസിന്‍റെ സിനിമകളിൽ കാണുന്ന റെയ്ൽവേ സ്റ്റേഷനുകളെ ഓർമിപ്പിക്കുന്നതാണ് ഇവിടുത്തെ കാഴ്ചകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേഷൻ വൃത്തിയായി സൂക്ഷിക്കേണ്ടത് സർക്കാരിന്‍റെയും പൗരന്മാരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും കുറിപ്പിൽ പറയുന്നു.

പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. രാജ്യത്തുടനീളം റെയ്ൽവേ സ്റ്റേഷനുകളുടെ നവീകരണം വലിയ തോതിൽ നടക്കുന്നുണ്ടെന്നും അത് ഘട്ടംഘട്ടമായി മാത്രമേ പൂർത്തിയാക്കാനാകൂവെന്നും ഒരാൾ അഭിപ്രായപ്പെട്ടു. യോഗ് നഗരി ഋഷികേശ് സ്റ്റേഷൻ നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണെന്നും പഴയ ഋഷികേശ് റെയ്ൽവേ സ്റ്റേഷൻ നഗരമധ്യത്തിലാണെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.

2021ലാണ് യോഗ് നഗരി ഋഷികേശ് റെയ്ൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഋഷികേശ്-കർണപ്രയാഗ് റെയ്ൽവേ പാതയുടെയും ചാർധാം പദ്ധതിയുടെയും ഭാഗമായാണ് സ്റ്റേഷൻ നിർമിച്ചത്.