ആലിംഗനത്തിന്‍റെ ആനന്ദം

ആലിംഗനം അഥവാ ആശ്ലേഷം മലയാളിക്ക് ഒരിക്കലും സാർവത്രിക സ്വീകാര്യതയുള്ള ഒന്നായിരുന്നില്ല. അതുകൊണ്ടു തന്നെ അതെന്തോ "അരുതാത്ത'തായി ഇപ്പോഴും തുടരുന്നു
ആലിംഗനത്തിന്‍റെ ആനന്ദം

‌ "അപ്പോൾ ജലനിരപ്പിൽ ഞൊറികൾ വിരിഞ്ഞ പോലെ ആയിരം അലകൾ ഇളകി. അകലെ എവിടെയോ നിന്ന് ഓടിയെത്തിയ ഒരിളം കാറ്റ് എന്‍റെ മുടിയിഴകളെ പറപ്പിച്ചു. നേർത്ത ജലകണങ്ങളുടെ നനവുള്ള അദൃശ്യ കരങ്ങൾ എന്നെ ആശ്ലേഷിക്കുന്നു.'- രണ്ടാമൂഴം (എം.ടി. വാസുദേവൻ നായർ).

ആലിംഗനം അഥവാ ആശ്ലേഷം മലയാളിക്ക് ഒരിക്കലും സാർവത്രിക സ്വീകാര്യതയുള്ള ഒന്നായിരുന്നില്ല. അതുകൊണ്ടു തന്നെ അതെന്തോ "അരുതാത്ത'തായി ഇപ്പോഴും തുടരുന്നു. കെ. രാധാകൃഷ്ണൻ എംപിയായി ആലത്തൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജി വച്ചപ്പോൾ പഴയൊരു ചിത്രം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്പനി എംഡി ദിവ്യ എസ്. അയ്യർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അവർ പത്തനംതിട്ട ജില്ലാ കലക്റ്ററായിരുന്നപ്പോൾ മന്ത്രിയെ ആശ്ലേഷിക്കുന്ന ചിത്രമായിരുന്നു അത്.

"അകറ്റിനിർത്തലുകളുടെ കാലത്ത് ആയിരം അർഥതലങ്ങളുള്ള ഒരു ആശ്ലേഷം' എന്ന് എഴുത്തുകാരൻ ബെന്യാമിൻ അതിനെ വിലയിരുത്തി.

"വിമർശനങ്ങൾ ഉണ്ടാവും, അശ്ലീല പരാമർശങ്ങൾ ഉണ്ടാകും എന്ന് അറിയുന്ന ഒരു ഉദ്യോഗസ്ഥ ഒരു പൊതുപ്രവർത്തകനെ, മന്ത്രിയെ കെട്ടിപ്പിടിച്ചു യാത്രയാക്കുന്നത് ധീരമായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്' എന്നാണ് എഴുത്തുകാരി ലക്ഷ്മി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

"ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്‌തിയെ മറ്റൊരാൾ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയിൽ ഇപ്പോൾ പോസിറ്റീവായി ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ട്. നെഗറ്റീവ് കമന്‍റ്സും മറ്റ് അപ്രസക്തവാദങ്ങളും നോക്കാതിരുന്നാൽ മതി' എന്ന കുറിപ്പിട്ടത് ദിവ്യയുടെ ഭർത്താവും കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥൻ.

"പുതിയ കേരളത്തിനുണ്ടാകേണ്ട സ്ത്രീപുരുഷ ബന്ധത്തിന്‍റെ അടയാളമാണീ ചിത്രം. അതുകൊണ്ടു കൂടിയാണ് ചിത്രം ഇത്ര സ്വീകാര്യമാകുന്നതും. മലയാളിയുടെ മനസിലേക്ക് ആ നിലയിലുള്ള രാഷ്‌ട്രീയമാണ് ഈ ചിത്രം പ്രസരിപ്പിക്കുന്നത് ' എന്ന് നിരീക്ഷിച്ചത് സിപിഎമ്മിന്‍റെ യുവനേതാവ് കെ.എസ്. അരുൺകുമാർ.

ഇത്തരം അഭിപ്രായങ്ങളേ ഉണ്ടായിട്ടുള്ളൂ എന്ന് കരുതരുത്. രാധാകൃഷ്ണനെ ആലിംഗനം ചെയ്ത ദിവ്യ അയ്യരുടെ ചിത്രം കാണുമ്പോൾ ചില കൂട്ടർക്ക് "കുരു' പൊട്ടിയില്ലെങ്കിൽ ഇത് കേരളം അല്ലാതാവണം, നാം മലയാളികൾ അല്ലാതാവണം!

ആലിംഗനം അഥവാ ആശ്ലേഷം കൊതിച്ച കാലം ഒരുപാട് ഉണ്ടായിരുന്നു. അച്ഛനോ അമ്മയോ സഹോദരങ്ങളോ അടുത്ത ബന്ധുക്കളോ കുട്ടിക്കാലത്തു പോലും ആലിംഗനം ചെയ്തതായി ഓർമയിലില്ല. കാരണം,തനി മലയാളികളായിരുന്നു അവർ.

ഒരനുഭവം: "അമ്മ' എന്ന് വിളിക്കപ്പെടുന്ന മാതാ അമൃതാനന്ദമയി തിരുവനന്തപുരം കൈമനത്തെ ആശ്രമത്തിൽ വന്ന ദിവസമായിരുന്നു അത്. അവിടെ വച്ച് മാധ്യമ പ്രവർത്തകരെ കാണുമെന്നും അറിയിച്ചിരുന്നു. ഇരുകൈകളും കൈ നീട്ടി അമ്മ മാധ്യമ പ്രവർത്തകരെ അടുത്തേക്കു ക്ഷണിച്ചെങ്കിലും ആരും അങ്ങോട്ട് ചെല്ലുന്നില്ല. ഞാൻ പൊടുന്നനെ അടുത്തേക്കു ചെന്നു. അമ്മ വാത്സല്യപൂർവം ആലിംഗനം ചെയ്തു. അത് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തപ്പോൾ ചില ഭക്തർ എന്‍റെ ഭാഗ്യത്തിൽ അസൂയപ്പെട്ടു. എന്തിന് ഇങ്ങനെ കെട്ടിപ്പിടിക്കാൻ നിന്നുകൊടുത്തുവെന്ന് വിമർശിച്ചവരും കുറവല്ല.

പ്രശസ്തമായ അവാർഡാണ് പ്രഖ്യാപിക്കപ്പെട്ടത്. വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം. ജോലി കഴിഞ്ഞ് വീട്ടിലെത്തി വണ്ടി ഒതുക്കി ഇറങ്ങിയതും ഭാര്യ ഓടിവന്ന് ആലിംഗനം ചെയ്തു. അപ്പോൾ, ചുറ്റിലും കണ്ണോടിച്ച് ആരെങ്കിലും അത് കാണുന്നുണ്ടോ എന്നു നോക്കിയ എന്നെ ഇപ്പോഴും ഓർമയുണ്ട്!പരസ്യമായി ആശ്ലേഷിച്ചതിന് ശകാരിക്കാതിരിക്കാനുള്ള "വകതിരിവ് 'കാട്ടിയതിന് എനിക്ക് ഇപ്പോഴും എന്നോട് മതിപ്പുണ്ട്! കിട്ടാതെ പോയ ആശ്ലേഷത്തിന്‍റെ ആനന്ദം എന്‍റെ മക്കൾക്ക് പകരാൻ ശ്രമിക്കാറുണ്ടെന്ന് നിറഞ്ഞ സന്തോഷത്തോടെ തുറന്നുപറയട്ടെ.

പരസ്പരം സ്നേഹത്തോടെ ആലിംഗനം ചെയ്യുമ്പോൾ തലച്ചോറിലെ ഡോപമിൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രവർത്തനം മൂലം ശരീരത്തിലെ രക്തസമ്മർദം കുറയുകയും ദഹനം നന്നായി നടക്കുകയും മിതമായ ശരീരഭാരം കാത്തു സൂക്ഷിക്കാൻ സാധിക്കുകയും അതിലുപരി കൊഗ്നിറ്റീവ് പവറിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ആലിംഗനം ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയുന്നത് നാഷനൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനം.

ആലിംഗനത്തിലൂടെ ശരീരത്തിലെ ഓക്‌സിടോസിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നും സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്നും പിറ്റ്സ്ബർഗിലെ മെല്ലോൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കുഷ്ഠരോഗികളെ അശുദ്ധരായി കണക്കാക്കിയിരുന്ന കാലം നമുക്കും അകലെയല്ല. അവർ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറി പുറത്തു വസിക്കണമെന്നായിരുന്നു നിയമം. അവർ ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു. എന്നാൽ,യേശുക്രിസ്തു കുഷ്ഠരോഗിയെ അടുത്തുവരാൻ അനുവദിച്ചു, കൈ നീട്ടി സ്പർശിച്ചു, ആലിംഗനം ചെയ്തു.

മുഹമ്മദ് നബി തന്‍റെ ചില അനുചരന്മാരെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും കണ്ണുകള്‍ക്കിടയിലുള്ള സ്ഥാനത്ത് ചുംബനം നല്‍കുകയും ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ടെന്ന് രേഖപ്പെടുത്തിയത് കുവൈറ്റിലെ ഗ്രന്ഥകാരനായ ഡോ. ജാസിമുൽ മുത്വവ്വയാണ്. ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് അബിസീനിയയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴും നബി ഇങ്ങനെ ചെയ്തിരുന്നു. ഇപ്രകാരം മകള്‍ ഫാത്വിമയെയും ഉസാമത് ബിന്‍ സൈദിനെയും ആലിംഗനം ചെയ്തിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തി.

"അവരോടു പിണങ്ങാനായ് തയ്യാറായ് നിന്നു ഞാൻ, സഖീ! എന്നാലതു മറന്നുള്ളം, പുണരാൻ വെമ്പൽ കൊൾകയായ്' എന്ന് തിരുക്കുറൾ.

അമ്മയ്ക്കും അച്ഛനും പോലും ദിനം കൊണ്ടാടുകയും അത് കുറെയൊക്കെ കച്ചവടത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ആലിംഗനത്തിനും ദിനമുണ്ട്. ലോക ആലിംഗന ദിനം വർഷം തോറും ജനുവരി 21നാണ്.

കഴിഞ്ഞ ലോക്സഭയിൽ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായെത്തി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് വലിയ വാർത്തയായിരുന്നല്ലോ. ആദ്യം രാഹുലിനെ കെട്ടിപ്പിടിക്കാൻ എഴുന്നേൽക്കാത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെ തിരികെ വിളിച്ച് മുതുകത്ത് തലോടിയത് നമ്മളൊക്കെ കണ്ടതാണ്.

ഭീകരമായ ആലിംഗനങ്ങളെക്കുറിച്ചു കൂടി പറയാതിരിക്കാനാവില്ല. അത് ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുളയുടേതാണ്. പിന്നാലെ വന്ന് വാരിപ്പുണർന്നാണല്ലോ ഡ്രാക്കുള ഇരയെ തേടിയെത്തിയിരുന്നത്. പിന്നീട് ആ ആലിംഗനത്തിൽ ലയിച്ചുനിൽക്കുന്നവരുടെ കഴുത്തിൽ കൊമ്പല്ലമർത്തി രക്തം കുടിച്ച് തന്‍റെ അനുചരനോ അടിമയോ ആക്കി മാറ്റുന്നു. ഇത്തരം ആലിംഗനം ആഗ്രഹിക്കുന്നുണ്ടാവില്ല.

കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ വിജയിച്ച പാണ്ഡവരെ കൗരവ രാജാവായ ധൃതരാഷ്‌ട്രര്‍ സന്ദര്‍ശിക്കുന്ന‌ സന്ദർ‌ഭം. മക്കളും മറ്റു വേണ്ടപ്പെട്ടവരും വീരചരമം പൂണ്ടു കിടക്കുന്ന യുദ്ധക്കളം കാണാനായി ധൃതരാഷ്‌ട്രര്‍ പത്നിയായ ഗാന്ധാരിയുമൊത്ത് അവിടെയെത്തുകയാണ്. യുദ്ധ നിയമങ്ങള്‍ക്കെതിരായി ഭീമസേനന്‍ നടത്തിയ ഗദാ പ്രയോഗം മൂലം തുടയെല്ലു ചതഞ്ഞാണ് ദുര്യോധനന്‍ യുദ്ധത്തില്‍ വീണുപോയതെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. വലിയച്ഛനെ കണ്ട പഞ്ചപാണ്ഡവര്‍ ഉപചാരപൂര്‍വ്വം പ്രണമിച്ചു. ഉള്ളിലുള്ള ദേഷ്യവും ദുഃഖവും മറച്ചു വച്ചു കൊണ്ടു തന്നെ ശാന്തതയോടെ ധൃതരാഷ്‌ട്രര്‍ ഓരോരുത്തരെയായി ആലിംഗനം ചെയ്തു, മൂർദ്ധാവില്‍ ചുംബിച്ച് ആശീര്‍വദിച്ചു. യുധിഷ്ഠിരനു ശേഷം വന്ന ഭീമസേനനെ കെട്ടിപ്പിടിക്കാന്‍ തയാറായ അദ്ദേഹത്തിന്‍റെ മുഖത്തെ ഭാവം മാറി. അത് മനസിലാക്കിയ ശ്രീകൃഷ്ണന്‍ ഭീമന്‍റെ വലിപ്പത്തിലുള്ള ഒരു ലോഹപ്രതിമ പകരം വച്ചുകൊടുത്തു. പതിനായിരം ആനകളുടെ ശക്തിയുള്ള ആ കൈകള്‍ക്കിടയില്‍പ്പെട്ട് ഭീമന്‍റെ പ്രതിമ തകര്‍ന്നു തുണ്ടുകളായി. ‌ "ധൃതരാഷ്‌ട്ര ആലിംഗനം' അങ്ങനെ സ്‌നേഹം നടിച്ചു ചതിപ്രയോഗം നടത്തുന്നതിനെ വിശേഷിപ്പിക്കുന്ന പ്രയോഗമായി.

ഇനി, ഒരു പാട്ട് കേൾക്കാം.

രചന: ബിച്ചു തിരുമല, സംഗീതം: എ.ടി. ഉമ്മർ, പാടിയത്: യേശുദാസ്.

ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പേര്: ആലിംഗനം!

"നിമിഷദലങ്ങൾ നിർവൃതി കൊള്ളും

നിരുപമ ലഹരിവിശേഷം

പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും

നിതാന്ത മാസ്മരഭാവം

ആലിംഗനം ആലിംഗനം ആലിംഗനം'.

Trending

No stories found.

Latest News

No stories found.