
ഓട്ടോ ഡ്രൈവറുടെ മാസ വരുമാനം 3 ലക്ഷം രൂപ; വൈറലായി പോസ്റ്റ്
ബംഗളൂരു: ബംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ മാസവരുമാനമാണിപ്പോൾ എക്സിലെ ചൂടേറിയ ചർച്ചകൾക്ക് വഴി തെളിക്കുന്നത്. ആകാശ് അനന്ദാനി എന്ന എൻജിനീയർ പങ്കു വച്ച പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം. ബംഗളൂരു വളരെ വിചിത്രമാണ് തനിക്ക് 4 കോടി രൂപ വീതം വില മതിക്കുന്ന രണ്ട് വീടുകളുണ്ടെന്നും രണ്ടും വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും കൂടാതെ ഒരു എഐ സ്റ്റാർട്ട് അപ്പ് ഉണ്ടെന്നും പ്രതിമാസം 2-3 ലക്ഷമാണ് വരുമാനമെന്നുമാണ് ഒരു ഓട്ടോ ഡ്രൈവർ പറയുന്നത് എന്നാണ് ആകാശിന്‍റെ പോസ്റ്റ്.
ആപ്പിൾ വാച്ചും എയർപോഡും ഉപയോഗിക്കുന്ന ഓട്ടോ ഡ്രൈവറോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ആഴ്ചയിലെ അവസാന ദിവസങ്ങളിൽ ഓട്ടോ ഓടിക്കും, അതാണ് തന്‍റെ പ്രധാന ജോലിയായി കണക്കാക്കുന്നതെന്നും സംഭാഷണത്തിനിടെ ഡ്രൈവർ പറഞ്ഞുവെന്നും ആകാശ് കുറിക്കുന്നു. ആയിരക്കണക്കിന് പേരാണ് പോസ്റ്റ് വായിച്ചത്. നിരവധി പേർ കമന്‍റും ചെയ്തിട്ടുണ്ട്.
ബംഗളൂരു സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമാണെന്നും ഓട്ടോ ഡ്രൈവർമാർ പോലും അതിൽ നിക്ഷേപിക്കുന്നുണ്ടെന്നും ഒരു ഉപയോക്താവ് കുറിക്കുന്നു. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് യാഥാർഥ്യമാണോ അതും വെറും കഥയാണോ എന്ന് ചിലർ സംശയമുന്നയിക്കുന്നുണ്ട്. എന്നാൽ ബംഗളൂരുവിലെ പ്രധാന പ്രശ്നം ഏകാന്തതയാണെന്നും ഇഷ്ടം പോലെ വരുമാനമുള്ള നിരവധി പേർ ഏകാന്തത ഇല്ലാതാക്കാനായി ഓട്ടോ ഓടിക്കുന്നുണ്ടെന്നും ചിലർ പറയുന്നു.