

ഒരു മാസം തട്ടിമുട്ടി ജീവിക്കാൻ ഒന്നര ലക്ഷം രൂപ വേണം!ചെലവു വെളിപ്പെടുത്തി ബംഗളൂരു ദമ്പതികൾ|Video
ജീവിതച്ചെലവ് നാൾക്കു നാൾ കൂടി വരുകയാണ്. ഒരു മാസം കഴിഞ്ഞു പോകാൻ കുറഞ്ഞത് 1.66 ലക്ഷം രൂപയെങ്കിലും വേണമെന്നാണ് ബംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ പറയുന്നത്. ഇൻസ്റ്റഗ്രാമിലെ വിഡിയോയിലൂടെ ജീവിതച്ചെലവുകളുടെ കണക്കും ഇരുവരും പുറത്തു വിട്ടിട്ടുണ്ട്. ശുഭം ഭാര്യ മേഘ എന്നിവരാണ് മേയ് മാസത്തിലെ ചെലവുകൾ പങ്കു വച്ചിരിക്കുന്നത്.
വീടിന്‍റെ വാടകയും അതോടനുബന്ധിച്ചുള്ള ചെലവുകളുമാണ് ഭൂരിഭാഗവും. മാസം 68,000 രൂപയാണ് ഈ ഇനത്തിൽ ചെലവാകുന്നത്. ജിമ്മിൽ മെംബർഷിപ്പ് എടുക്കുന്നതിനും പേഴ്സണൽ ട്രെയിനിങ് സെഷൻസും മറ്റു സ്പോർട്സ് ആക്റ്റിവിറ്റികൾക്കും സപ്ലിമെന്‍റ്സിനുമെല്ലാം കൂടി 31,000 രൂപ ചെലവാകും. കുഞ്ഞിനെ നോക്കാൻ എത്തുന്ന നാനിക്കും വീട്ടു ജോലിക്കാർക്കും കൂടി 29,000 രൂപയാണ് നൽകേണ്ടത്. പച്ചക്കറി, പലചരക്ക് എന്നിവയ്ക്കെല്ലാം കൂടി 18,000 രൂപ.
കുട്ടിയുടെ ഡയപ്പർ, കളിപ്പാട്ടം, ഉടുപ്പുകൾ, വളർത്തുനായയുടെ ഭക്ഷണം എന്നിവയെല്ലാം ചേർന്ന് 8,000 രൂപ. ഒടിടി സബ് സ്ക്രിപ്ഷൻ, യാത്ര, മറ്റ് അല്ലറ ചില്ലറ ചെലവുകൾ എല്ലാം ചേർന്ന് 12,000 രൂപ. അങ്ങനെ ആകെ 1.66 ലക്ഷം രൂപ ഒരു മാസം ചെലവാകും. ഇക്കൂട്ടത്തിൽ തങ്ങളുടെ മാസാമാസമുള്ള നിക്ഷേപങ്ങളെയോ സമ്പാദ്യത്തെയോ വിനോദയാത്രകളെയോ ഉൾപ്പെടുത്തിയിട്ടില്ലെന്നും അതിനായി പ്രത്യേകം ഫണ്ട് മാറ്റി വയ്ക്കുകയാണ് പതിവെന്നും ദമ്പതികൾ പറയുന്നു.
16 ലക്ഷം പേരാണ് ഇതിനിടെ വിഡിയോ കണ്ടത്. നിരവധി പേരാണ് വിഡിയോയിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ കുട്ടി സ്കൂളിൽ പോയി തുടങ്ങുമ്പോൾ ചെലവ് ഇരട്ടിയാകുമെന്നും ചിലർ കുറിച്ചിട്ടുണ്ട്.