ത്രിദോഷശമനത്തിന് നീലച്ചായ

ത്രിദോഷശമനത്തിന് നീലച്ചായ

മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയ്ക്കെല്ലാം നല്ല പരിഹാരമാണ് ശംഖുപുഷ്പത്തിന്‍റെ ചായ
Published on

റീന വർഗീസ് കണ്ണിമല

ശംഖുപുഷ്പത്തിന്‍റെ ഉണങ്ങിയതോ പുതിയതോ ആയ പുഷ്പങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ബ്ലൂ ടീ അഥവാ നീല ചായ. തേയിലപ്പൊടിയൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ ചായ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഈ നീല ചായയുടെ ഏറ്റവും മികച്ച കാര്യം അത് തികച്ചും കഫീന്‍രഹിതമാണ് എന്നതാണ്. മാത്രമല്ല, അതില്‍ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കാനും മികച്ച ഉറക്കം കിട്ടാനും നല്ല പരിഹാര മാര്‍ഗമാണ് നീല ചായ.

ശംഖുപുഷപത്തിന്‍റെ ഇതളുകള്‍ ഉപയോഗിച്ചാണ് നീല ചായ തയ്യാറാക്കുന്നത്. ചെടിയില്‍ നിന്ന് നേരിട്ട് പറിച്ചെടുക്കുന്ന പുഷ്പങ്ങളോ അല്ലെങ്കില്‍ ഉണക്കിയ ഇതളുകളോ ഉപയോഗിക്കാം.

ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്ന് ശംഖുപുഷ്പമിട്ട് നന്നായി തളപ്പിച്ച് ചെറിയ ചൂടോടെ കുടിക്കാവുന്നതാണ്. പഞ്ചസാരയോ മറ്റ് കഫീനുകളോ ഇതില്‍ ഉപയോഗിക്കാന്‍ പാടില്ല. പൂവിന്‍റെ അതേ നിറത്തില്‍ തന്നെയായിരിക്കും ചായ ലഭിക്കുന്നത്. ശംഖുപുഷ്പം ഉണക്കി പൊടിച്ചത് ഉപയോഗിച്ചും ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമാണ് ശംഖുപുഷ്പം. മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയ്ക്കെല്ലാം നല്ല പരിഹാരമാണ്. ആയുർവേദ വിധിപ്രകാരം ത്രിദോഷ ശമനകരമാണ് നീലച്ചായ. വാത-പിത്ത-കഫ ദോഷങ്ങളെ ഒരേ പോലെ ശമിപ്പിക്കുന്നതിനാൽ സർവ രോഗങ്ങളുടെയും മൂലഹേതുക്കളെ ഇല്ലായ്മ ചെയ്യുമെന്നു സാരം.

കുഞ്ഞുങ്ങൾക്ക് ഈ നീലച്ചായ പതിവായി കൊടുത്താൽ അവരിൽ ബുദ്ധിശക്തിയും ധാരണാ ശക്തിയും വർധിക്കും. ഗര്‍ഭാശയത്തില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കും.

അപ്പോ എങ്ങനാ..., ഉണ്ടാക്കാം നമുക്കൊരു നീലച്ചായ?

logo
Metro Vaartha
www.metrovaartha.com