

55 വയസിനു മുൻപ് ശരീരവേദന കുത്തനെ കൂടും: പഠനം
ന്യൂഡൽഹി: 55 വയസിനു മുൻപാണ് ശരീര വേദന കൂടുതലാകുന്നതെന്ന് കണ്ടെത്തി ഗവേഷകർ. പ്രായം കൂടും തോറും ശരീരവേദന സ്വാഭാവികമായി വർധിച്ചു വരുമെന്ന ധാരണയാണ് ഗവേഷകർ തിരുത്തിയിരിക്കുന്നത്. ആറ് മില്യൺ പേരെ ഉൾപ്പെടുത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ജേണൽ നേച്ചർ മെഡിസിനിൽ പഠനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനഡയിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉൾപ്പെടെയുള്ള ഗവേഷകരാണ് പഠനത്തിൽ ഏർപ്പെട്ടത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് വേദനകൾ കൂടുതലായിരിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മുഖം, വയർ, തല, അടിയവർ എന്നിവിടങ്ങളിലാണ് കടുത്ത വേദന അനുഭവപ്പെടുക. കഴുത്ത്, തോൾ, കാൽപ്പാദം കണങ്കാല്, അരക്കെട്ട് എന്നിവിടങ്ങളിലും വേദന അനുഭവപ്പെടും.118 രാജ്യങ്ങളിൽ നിന്നായി അഞ്ച് വയസ് മുതൽ 100 വയസിൽ അധികം വരെ പ്രായമുള്ള അറുപത്തൊന്ന് ലക്ഷം പേരുടെ ഡേറ്റയാണ് പഠനത്തിനു വേണ്ടി ഉപയോഗിച്ചത്.
40 വയസാകുന്നതോടെ സന്ധികൾ, നടുവ് തുടങ്ങി എല്ലായിടത്തും വേദന വർധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 80 വയസിനു ശേഷം 31 ശതമാനം വർധനയാണ് വേദനകളിൽ കണ്ടെത്തിയത്.