

"ദൈവത്തോട് അടുക്കും", വിമാനത്തിലെ വിൻഡോ സീറ്റ് ആവശ്യപ്പെട്ട് കുഞ്ഞ്; നെഞ്ചുലയ്ക്കുന്ന ജീവിതം
വിമാനത്തിലെ വിന്‍ഡോ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്തവരില്ല. മേഘങ്ങള്‍ക്ക് ഇടയിലൂടെയുള്ള ആ യാത്ര കണ്‍കുളിര്‍ക്കെ കാണണം എന്നായിരിക്കും പലരുടേയും ആഗ്രഹം. എന്നാല്‍ ദൈവത്തോട് കൂടുതല്‍ അടുത്തേക്ക് ചെന്ന് നന്ദി പറയാന്‍ ആഗ്രഹിച്ച് വിന്‍ഡോ സീറ്റ് ചോദിച്ച ഒരു കുഞ്ഞിന്റെ ജീവിതം പങ്കുവച്ചിരിക്കുകയാണ് ഫിന്‍ടെക് എക്‌സിക്യൂട്ടീവായ അനുപ് കുമാര്‍ ബേദി.
ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു അനൂപ്. വിന്‍ഡോ സീറ്റില്‍ ഇരിക്കുമ്പോഴാണ് ഏഴ് വയസ് പ്രായം വരുന്ന കുട്ടിയും അവന്റെ അച്ഛനും അദ്ദേഹത്തെ സമീപിച്ചത്. വിന്‍ഡോ സീറ്റില്‍ ഇരുന്നോട്ടെ എന്ന് കുട്ടി അദ്ദേഹത്തോട് ചോദിച്ചു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മുതല്‍ മകന്‍ വിന്‍ഡോ സീറ്റ് ചോദിക്കുകയാണെന്നും ബുദ്ധിമുട്ടില്ലെങ്കില്‍ മാറി തരാമോ എന്നും കുട്ടിയുടെ അച്ഛന്‍ ചോദിച്ചു.
വിന്‍ഡോ സീറ്റ് കിട്ടിയതോടെ അവന്‍ കുറച്ചു നേരം ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ അച്ഛന്റെ തോളില്‍ തലവച്ച് അവന്‍ ഉറങ്ങി. യാത്രയില്‍ ഉടനീളം അവന്‍ ഉറങ്ങുകയായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ലാന്‍ഡിങ്ങിന് 20 മിനിറ്റ് മുന്‍പ് മകന്‍ പുറത്തെ കാഴ്ചകള്‍ കാണാതെ ഉറങ്ങുന്നതിനേക്കുറിച്ച് അച്ഛന്‍ സംസാരിച്ചു. അവന്‍ തളര്‍ന്ന് ഉറങ്ങുന്നതല്ല, സാരമില്ലെന്ന് അനൂപ് മറുപടിനല്‍കി. ഇതോടെ മകന്റെ ക്ഷീണത്തിനു പിന്നിലെ കാരണം അച്ഛന്‍ വെളിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ എട്ട് മാസമായി ഡല്‍ഹിയിലെ രാജീവ് ഗാന്ധി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു കുട്ടി. അടുത്തിടെയാണ് കുട്ടി യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. വിമാനം മേഘങ്ങള്‍ക്ക് ഇടയിലൂടെ പോകുമ്പോള്‍ താന്‍ ദൈവത്തോട് കൂടുതല്‍ അടുക്കുമെന്നും രോഗം മാറ്റിയതിന് ദൈവത്തോട് നന്ദി പറയാമല്ലോ എന്നും മകന്‍ പറഞ്ഞിരുന്നെന്നും അതിനു വേണ്ടിയാണ് വിന്‍ഡോ സീറ്റ് ആവശ്യപ്പെട്ടത് എന്നും അച്ഛന്‍ പറഞ്ഞു. ഇത് കേട്ട് താന്‍ നിശബ്ദനായിപ്പോയെന്നും തനിക്ക് കരച്ചില്‍ വന്നെന്നുമാണ് അദ്ദേഹം കുറിച്ചത്. അച്ഛനും മകനും ഒപ്പമുള്ള സെല്‍ഫിയും അദ്ദേഹം പങ്കുവച്ചു. ഇരുവരുടേയും മുഖം മറച്ചാണ് ചിത്രം പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പോസ്റ്റ്.