

ബ്രയാൻ ജോൺസൺ, കാമുകി കേറ്റ് ടോളോ
സൗന്ദര്യ സംരക്ഷണത്തിന് കോടികൾ മുടക്കി വാർത്തകളിൽ നിറഞ്ഞ ശതകോടീശ്വരനാണ് ബ്രയാൻ ജോൺസൺ. ഇപ്പോൾ ചർച്ചയാവുന്നത് ബ്രയാൻ നടത്തിയ ഒരു തുറന്നു പറച്ചിലാണ്. കാമുകിയുടെ ആർത്തവ രക്തം ഫ്രീസറിൽ സൂക്ഷിക്കാറുണ്ടെന്നാണ് ബ്രയാൻ പറഞ്ഞത്. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ബ്രയാന്‍റെ വെളിപ്പെടുത്തൽ.
കാമുകി കേറ്റ് ടോളോയുടെ ആർത്തവരക്തത്തിൽ നിന്ന് പത്ത് മില്ലിയാണ് ഫ്രീസ് ചെയ്തിരിക്കുന്നത്. ആരോഗ്യമേഖലയിലെ ഗവേഷണത്തിന്‍റെ ഭാഗമായാണ് ബ്രയാന്‍റെ നീക്കം. -80 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ക്രമീകരിച്ചിരിക്കുന്ന ലബോറട്ടറി ഫ്രീസറിലാണ് രക്തം സൂക്ഷിച്ചിരിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് ആർത്തവരക്തം സൂക്ഷിക്കുന്നത് എന്തിനെന്ന ചോദ്യവുമായി എത്തിയത്. സാധാരണ രക്തം പരിശോധിക്കുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങളേക്കാൾ കൂടുതൽ ആർത്തവ രക്തം പരിശോധിക്കുന്നതിൽ നിന്ന് ലഭിക്കുമെന്നാണ് ബ്രയാന്‍ പറയുന്നത്. ഗർഭാശയ കോശങ്ങൾ, പ്രതിരോധ കോശങ്ങൾ, സ്റ്റെ സെല്ലുകൾ എന്നിവയെക്കുറിച്ച് ഗവേഷണം ചെയ്യാനാകും.
മൈക്രോപ്ലാസ്റ്റിക്കുകളും ഹോർമോണുകളുടെ പ്രവർത്തനത്തിനു തടസമാകുന്ന കെമിക്കലുകളുമൊക്കെ ആർത്തവരക്തത്തിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും കഴിയുമെന്നും ബ്രയാൻ കൂട്ടിച്ചേർത്തു. ആർത്തവരക്തത്തെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്നാണ് ബ്രയാൻ പറയുന്നത്. ആർത്തരക്തം പരിശോധിക്കുന്നതിലൂടെ ഗർഭാശയത്തിന്‍റെ ആരോഗ്യം വിലയിരുത്താനാകുമെന്നും ബ്രയാൻ പറയുന്നു. ബ്രയാനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.