മുംബൈയിലെ സെലിബ്രിറ്റി റിയൽ എസ്റ്റേറ്റ്; ബോളിവുഡ് താരങ്ങൾ കോടികൾ മുടക്കുന്നത് ഈ മൂന്ന് പ്രദേശങ്ങളിൽ

കടൽക്കാഴ്ച, സ്വകാര്യത, മികച്ച കണക്റ്റിവിറ്റി, ഉയർന്ന നിക്ഷേപ മൂല്യം എന്നിവയാണ് ഇവയെ താരങ്ങളുടെ പ്രിയപ്പെട്ട വിലാസങ്ങളാക്കുന്നത്
Celebrity real estate in Mumbai where Bollywood stars spend crores.

ബോളിവുഡ് താരങ്ങൾ കോടികൾ മുടക്കുന്ന മുംബൈയിലെ സെലിബ്രിറ്റി റിയൽ‌ എസ്റ്റേറ്റ്

Updated on

മുംബൈയിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ ബോളിവുഡ് താരങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമായും മൂന്ന് മേഖലകളിലാണ്. കടൽക്കാഴ്ച, സ്വകാര്യത, മികച്ച കണക്റ്റിവിറ്റി, ഉയർന്ന നിക്ഷേപ മൂല്യം എന്നിവയാണ് ഇവയെ താരങ്ങളുടെ പ്രിയപ്പെട്ട വിലാസങ്ങളാക്കുന്നത്.

ബാന്ദ്ര വെസ്റ്റ് ഫസ്റ്റ് ചോയ്സ്

ബാന്ദ്ര വെസ്റ്റിലെ ബാൻഡ്‌സ്റ്റാൻഡ്, കാർട്ടർ റോഡ്, പാലി ഹിൽ എന്നിവയാണ് ഏറ്റവും കൂടുതൽ താരങ്ങൾ വീടുകൾ സ്വന്തമാക്കിയ പ്രദേശങ്ങൾ. കടൽ തീരത്തോടു ചേർന്നുള്ള അപ്പാർട്ട്മെന്‍റുകൾക്ക് ചതുരശ്ര അടിക്ക് 80,000 രൂപ മുതൽ 1.38 ലക്ഷം രൂപയിലധികം വരെ വില ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പാലി ഹില്ലിലെ വീടുകൾക്ക് ചതുരശ്ര അടിക്ക് 67,000 രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് വില. 2016നെ അപേക്ഷിച്ച് കടൽക്കാഴ്ചയുള്ള വീടുകളുടെ പ്രീമിയം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഷാരൂഖിന് അയൽക്കാരനായി രൺവീർ

നടൻ രൺവീർ സിങ്, ഷാരൂഖ് ഖാന്‍റെ 'മന്നത്ത്' ബംഗ്ലാവിന് സമീപമുള്ള സാഗർ റേഷം കെട്ടിടത്തിൽ 119 കോടി രൂപ വിലവരുന്ന ക്വാഡ്രുപ്ലക്സ് സ്വന്തമാക്കിയിട്ടുണ്ട്. 11,266 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വസതിയിൽ 1,300 ചതുരശ്ര അടി ടെറസും സ്വകാര്യ ലിഫ്റ്റും ഉൾപ്പെടുന്നു. ഇതിനു പിന്നാലെ രൺവീറിന്‍റെ ഭാര്യയും ബോളിവുഡ് താരവുമായ ദീപിക പദുക്കോണിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം സമീപത്തെ മറ്റൊരു ഫ്ലാറ്റും ഏകദേശം 17.8 കോടി രൂപയ്ക്ക് വാങ്ങി. നടൻ ജോൺ എബ്രഹാം ബാന്ദ്രയിലെ സെന്‍റ് മാർട്ടിൻ റോഡിലുള്ള നൂറ് വർഷം പഴക്കമുള്ള ബംഗ്ലാവ് 84 കോടി രൂപയ്ക്ക് വാങ്ങിയപ്പോൾ, രൺബീർ കപൂറും ആലിയ ഭട്ടും സ്വന്തമാക്കിയ ആറുനില 'കൃഷ്ണ രാജ്' ബംഗ്ലാവിന്‍റെ മൂല്യം ഏകദേശം 250 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. കൃതി സനോണും പാലി ഹില്ലിൽ 78.2 കോടി രൂപയുടെ പെന്‍റ് ഹൗസ് സ്വന്തമാക്കിയിട്ടുണ്ട്.

വോർളിയിലേക്ക് താരങ്ങളുടെ നീക്കം

ബാന്ദ്ര-വോർളി സീലിങ്കും കോസ്റ്റൽ റോഡും വന്നതോടെ വോർളിയിലേക്കുള്ള യാത്ര എളുപ്പമായതും ഈ മേഖലയിലെ ആഡംബര ഭവനങ്ങൾക്ക് ആവശ്യകത വർധിപ്പിച്ചു. ഇവിടെ ചതുരശ്ര അടിക്ക് ശരാശരി 75,000 രൂപയാണ് വില. കടൽക്കാഴ്ചയുള്ള പ്രീമിയം ടവറുകളിൽ ഇത് ഒരു ലക്ഷം മുതൽ 1.5 ലക്ഷം രൂപ വരെ ഉയരുന്നു.

ത്രീ സിക്സ്റ്റി വെസ്റ്റ് പദ്ധതിയിൽ ഷാഹിദ് കപൂറും അഭിഷേക് ബച്ചനും വീടുകൾ സ്വന്തമാക്കിയിട്ടുണ്ട്. അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും ഇവിടെ ഉണ്ടായിരുന്ന 6,830 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്‍റ് 80 കോടി രൂപയ്ക്ക് വിറ്റതായും റിപ്പോർട്ടിൽ പറയുന്നു.

ജുഹുവും വെർസോവയും ശ്രദ്ധാകേന്ദ്രം

ജുഹു ഇപ്പോഴും വിശാലമായ താമസസൗകര്യങ്ങളും ബീച്ച് ആക്സസും കാരണം താരങ്ങളുടെ ഇഷ്ടകേന്ദ്രമാണ്. അതേസമയം വെർസോവ ആഡംബര റിയൽ എസ്റ്റേറ്റിന്‍റെ പുതിയ ഹബ്ബായി മാറുകയാണ്. അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും ഇവിടെ 18.29 കോടി രൂപ വിലവരുന്ന കടൽക്കാഴ്ചയുള്ള അപ്പാർട്ട്മെന്‍റ് സ്വന്തമാക്കിയപ്പോൾ, നടി തബുവും അതേ പദ്ധതിയിൽ 10 കോടിയിലധികം വിലവരുന്ന വീട് വാങ്ങിയെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com