സന്ധിവാതവും ഉളുക്കും മാറാൻ കടുവയുടെ മൂത്രം! 250 മില്ലി മൂത്രത്തിന് 596 രൂപ

വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തിൽ കടുവയുടെ മൂത്രം കൂടി കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അവകാശവാദം.
China Zoo Sells Tiger Urine As medicine
സന്ധിവാതവും ഉളുക്കും മാറാൻ കടുവയുടെ മൂത്രം! 250 മില്ലി മൂത്രത്തിന് 596 രൂപ
Updated on

ബീജിങ്: സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം വിൽപ്പനയ്ക്ക് വച്ച് ചൈനയിലെ മൃഗശാല. ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം കുപ്പികളിലാക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തിൽ കടുവയുടെ മൂത്രം കൂടി കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അവകാശവാദം. കടുവാമൂത്രം കുടിക്കുന്നതും നല്ലതാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷേ എന്തെങ്കിലും വിധത്തിലുള്ള അലർജി അനുഭവപ്പെട്ടാൽ മൂത്രം കുടിക്കുന്നത് പെട്ടെന്ന് തന്നെ നിർത്തണമെന്നും മൃഗശാല അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപയാണ് (50 യുവാൻ) വില. കടുവാ മൂത്രം വിൽക്കുന്ന വാർത്തകൾ പ്രചരിച്ചതോടെ സംഭവം വൻ വിവാദമായി മാറിയിരിക്കുകയാണ്.

കടുവക്കൂട്ടിൽ സജ്ജീകരിച്ചിരിക്കുന്ന പാത്രത്തിൽ നിന്നാണ് കടുവാമൂത്രം ശേഖരിക്കുന്നതെന്ന് മൃഗശാലയിലെ ജോലിക്കാരൻ പറയുന്നു. എന്നാൽ ഏതെങ്കിലും വിധത്തിലുള്ള ശുദ്ധീകരണം നടക്കുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. വളരെ കുറച്ചു പേരെ നിലവിൽ കടുവാ മൂത്രം പരീക്ഷിക്കാൻ തയാറായിട്ടുള്ളൂ. ദിവസത്തിൽ രണ്ട് കുപ്പി മൂത്രമേ വിറ്റഴിയാറുള്ളൂവെന്ന് അധികൃതർ പറയുന്നു. കടുവാമൂത്രം സന്ധിവാതം മാറ്റുമെന്നതിൽ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത്തരത്തിൽ യാതൊരു വിധ പഠനങ്ങളും നടന്നിട്ടില്ല.

ചൈനയിലെ പാരമ്പര്യ ചികിത്സാ രീതികളിലും ഇത്തരത്തിൽ പരാമർശങ്ങളില്ല. ഇത്തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാതെ മരുന്നെന്ന പേരിൽ‌ മൂത്രം വിൽപ്പന ചെയ്യുന്നത് എങ്ങനെയാണെന്നും ചോദ്യം ഉയരുന്നുണ്ട്. കടുവയുടെ മൂത്രം വിൽക്കാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്നാണ് മൃഗശാലാ അധികൃതരുടെ വാദം. 2014ൽ റിയാലിറ്റി ഷോ വിജയികൾക്ക് കടുവയുടെ മൂത്രം സമ്മാനമായി നൽകി ഇതിനു മുൻപും ഇതേ മൃഗശാല വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com