

ഇനിയും 12 വർഷത്തെ കാത്തിരിപ്പ്!! ചൊക്രമുടിയിലെ നീലക്കുറിഞ്ഞി വസന്തത്തിന് ഔദ്യോഗിക സമാപനം
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2026 ഓഗസ്റ്റിൽ ഇടുക്കിയിലെ മൂന്നാറിനടുട്ടുള്ള ചൊക്രമുടി മലനിരകളിൽ പൂത്ത് നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു. വനം വകുപ്പിന്‍റെ വിവരമനുസരിച്ച് ഓക്റ്റോബർ 11 ഓടെ നീലക്കുറിഞ്ഞി സീസൺ അവസാനമായി.
അപ്രതീക്ഷിത മഴയാണ് സീസൺ ഇത്ര വേഗം അവസാനിക്കാൻ കാരണമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ഇനിയും മൊട്ടുകൾ വിരിയാൻ സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. കുറിഞ്ഞി സീസൺ അവസാനത്തിലേക്ക് അടുത്തെങ്കിലും, ബൈസൺ ട്രെയിൽ ട്രെക്കിങ് വഴി മലമുകളിലേക്ക് യാത്ര തുടരാം.
48 ദിവസം നീണ്ട നീലക്കുറിഞ്ഞി വസന്തം വനം വകുപ്പിന് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. എഴുപത്തയ്യായിരത്തോളം സഞ്ചാരികളാണ് നീലക്കുറിഞ്ഞി തേടി ചൊക്രമുടിയിലെത്തിയത്. ടിക്കറ്റ് വരുമാനത്തിലൂടെ 75 ലക്ഷം രൂപയാണ് വനം വകുപ്പിന് ലഭിച്ചത്. ഇനി ചൊക്രമുടിയിൽ നിലക്കുറിഞ്ഞി വസന്തം കാണാൻ 12 വർഷം കാത്തിരിക്കണം.