

ബ്രേക്കപ്പിന് ശേഷം വീണ്ടും ഡേറ്റിങ്ങിലേക്ക്? ഈ ‘റെഡ് ഫ്ലാഗുകൾ’ശ്രദ്ധിക്കണം
ഒരു ബന്ധം അവസാനിച്ചതിന് ശേഷം വീണ്ടും ഡേറ്റിങ് ആരംഭിക്കുന്നത് പുതിയൊരു തുടക്കമാകാം. എന്നാൽ പഴയ ബന്ധത്തിന്‍റെ മുറിവുകൾ പൂർണമായി മാറുന്നതിന് മുൻപ് പുതിയ ബന്ധത്തിലേക്ക് കടക്കുമ്പോൾ ചില വൈകാരിക പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് പുതിയ പങ്കാളി ഇപ്പോഴും മുൻബന്ധത്തിൽ നിന്ന് പൂർണമായി പുറത്തുകടന്നിട്ടില്ലെങ്കിൽ ബന്ധത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം.
പുതിയ പങ്കാളി ഓരോ അവസരത്തിലും മുൻ കാമുകനെയോ കാമുകിയെയോ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. പഴയ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമാണെങ്കിലും, നിരന്തരം താരതമ്യം ചെയ്യുന്നതോ പഴയ സംഭവങ്ങളിലെ ദേഷ്യവും വിഷമവും ആവർത്തിക്കുന്നതോ വൈകാരികമായി ആ ബന്ധത്തിൽ നിന്ന് പൂർണമായി മാറിയിട്ടില്ലെന്ന സൂചനയാകാം.
പരിചയപ്പെട്ട് വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ അമിതമായ സ്നേഹപ്രകടനം, വലിയ വാഗ്ദാനങ്ങൾ, വിവാഹം, ഒരുമിച്ച് താമസിക്കൽ തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ബ്രേക്കപ്പിന് പിന്നാലെ ഉണ്ടാകുന്ന ഇത്തരം അതിവേഗ ബന്ധങ്ങൾ ചിലപ്പോൾ യഥാർഥ പൊരുത്തത്തേക്കാൾ വൈകാരികമായ ശൂന്യത നികത്താനുള്ള ശ്രമമായിരിക്കാം.
‘എന്‍റെ മുൻ പങ്കാളിയേക്കാൾ നിങ്ങൾ നല്ലതാണ്’ എന്ന തരത്തിലുള്ള പരാമർശം ഇടയ്ക്കൊക്കെ ഉണ്ടാകുന്നത് വലിയ പ്രശ്നമല്ല. എന്നാൽ തുടർച്ചയായി നിങ്ങളെ മുൻ പങ്കാളിയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ആ ബന്ധത്തിന്‍റെ ഓർമ്മകളിൽ നിന്ന് വ്യക്തി ഇപ്പോഴും പൂർണമായി പുറത്തുവന്നിട്ടില്ലെന്ന സൂചനയാകാം.
മുൻ പങ്കാളിയുമായി നിരന്തരം സംസാരിക്കുക, പഴയ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുക, സോഷ്യൽ മീഡിയയിൽ അവരുടെ ഓരോ നീക്കവും ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങൾ പുതിയ ബന്ധത്തെ ബാധിക്കാം. പുതിയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുൻപ് പഴയ ബന്ധത്തിലെ വൈകാരിക ബന്ധങ്ങൾ എത്രത്തോളം അവസാനിച്ചുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.
ബ്രേക്കപ്പിന് ശേഷം ഒറ്റയ്ക്കായിരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ആ ശൂന്യത ഒഴിവാക്കാൻ മാത്രമായി പുതിയ ബന്ധം തേടുകയാണെങ്കിൽ അത് ആരോഗ്യകരമായ ബന്ധത്തിലേക്ക് നയിക്കണമെന്നില്ല. പുതിയ വ്യക്തിയെ ഇഷ്ടപ്പെടുന്നതിനേക്കാൾ ‘ഒറ്റയ്ക്കാകരുത്’ എന്ന ചിന്തയാണ് പ്രധാനമെങ്കിൽ കുറച്ച് സമയം സ്വയം നൽകുന്നതാണ് നല്ലത്.
ബ്രേക്കപ്പിന്‍റെ വേദനയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ ബന്ധത്തെ ആശ്രയിക്കുന്നത് പിന്നീട് നിരാശയ്ക്ക് കാരണമാകാം. ഒരു പുതിയ വ്യക്തിക്ക് പഴയ മുറിവുകൾ പൂർണമായി മാറ്റാനാകില്ല. അതിനാൽ സ്വന്തം വികാരങ്ങളെ ആദ്യം മനസിലാക്കി കൈകാര്യം ചെയ്ത ശേഷമാകണം പുതിയ ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്.
റെഡ് ഫ്ലാഗുകൾ പുതിയ പങ്കാളിയിൽ മാത്രം അന്വേഷിച്ചാൽ പോരാ. മുൻ പങ്കാളിയുമായി നിരന്തരം താരതമ്യം ചെയ്യുകയോ, അവരെ അസൂയപ്പെടുത്താൻ വേണ്ടി മാത്രം ഡേറ്റിങ് ആരംഭിക്കുകയോ, ഇപ്പോഴും അവരുടെ സോഷ്യൽ മീഡിയ പിന്തുടരുന്നതിൽ അമിതമായ താൽപര്യം കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ പുതിയ ബന്ധത്തിന് നിങ്ങൾ തയ്യാറാണോ എന്നും സ്വയം ചോദിക്കണം.
ബ്രേക്കപ്പിന് ശേഷം വീണ്ടും പ്രണയത്തിലേക്ക് കടക്കാൻ കൃത്യമായ സമയപരിധിയില്ല. പഴയ ബന്ധത്തിൽ നിന്ന് എത്ര ദിവസം കഴിഞ്ഞുവെന്നതിലുപരി, പുതിയൊരു ബന്ധത്തിലേക്ക് കടക്കുമ്പോൾ മനസ് എത്രത്തോളം തയ്യാറാണ് എന്നതാണ് പ്രധാനം. മുൻബന്ധത്തിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ മനസിലാക്കി, സ്വന്തം അതിരുകൾ വ്യക്തമായി നിർണയിച്ച്, പുതിയ വ്യക്തിയെ മുൻബന്ധത്തിന്‍റെ പകരക്കാരനായി കാണാതിരിക്കുക എന്നിവയൊക്കെയാണ് ആരോഗ്യകരമായ പുതിയ ബന്ധത്തിന് അടിസ്ഥാനം.