

സ്വർണം വാങ്ങിക്കൊള്ളൂ, ഐശ്വര്യം കൂടെപ്പോരും; രാജ്യമെങ്ങും ധൻതേരസ് ആഘോഷം!
ai image
ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങളുടെ തുടക്കമായി ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഉത്സവദിനമാണ് ധൻതേരസ് അഥവാ ധനത്രയോദശി. സമ്പത്തിന്‍റെയും ആരോഗ്യത്തിന്‍റെയും സമൃദ്ധി യുടെയും പ്രതീകമായാണ് വിശ്വാസികള്‍ ഈ ദിനം ആചരിക്കുന്നത്. ഈ വർഷം നവംബർ 6 വെള്ളിയാഴ്ചയാണ് ധൻതേരസ്.
വടക്കേ ഇന്ത്യയില്‍ മാത്രമായിരുന്നു ആദ്യമൊക്കെ ഇത്തരം ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നത്. ഇപ്പോള്‍ ഇത് കേരളത്തിലും ആഘോഷിക്കുന്നുണ്ട്. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി തിഥിയിലാണ് ധൻതേരസ് ആചരിക്കുന്നത്.
ഈ ദിവസം ലക്ഷ്മി ദേവി, കുബേരൻ, ധന്വന്തരി ഭഗവാൻ എന്നിവരെ ആരാധിക്കുന്നു. സ്വർണം, വെള്ളി, പുതിയ പാത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ഈ ദിവസം വാങ്ങുന്നത് കുടുംബത്തിൽ സമ്പൽസമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടാതെ വാഹനങ്ങളും ഗൃഹോപകരണങ്ങളും ഈ ശുഭദിനത്തിൽ വാങ്ങുന്ന പതിവുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കി ലക്ഷ്മീദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന്‍റെ പ്രതീകമായി ധൻതേരസ് ദിവസം പുതിയ ചൂല് വാങ്ങുന്ന പതിവും ഉത്തരേന്ത്യയിലുണ്ട്.
ആയുർവേദത്തിന്‍റെ അധിദേവനായ ധന്വന്തരി ഭഗവാന്‍റെ അവതാരവുമായിട്ടാണ് ധൻതേരസ് എന്ന വാക്ക് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്. ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി മഥനം നടത്തിയപ്പോൾ, കാർത്തിക ത്രയോദശി ദിനത്തിലാണ് ധന്വന്തരി ഭഗവാൻ ഒരു കൈയിൽ അമൃത കുംഭവുമായി പാലാഴിയിൽ നിന്ന് ഉയർന്നുവന്നതെന്നാണ് വിശ്വസം.
പാലാഴി മഥന വേളയിൽ തന്നെയാണ് സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.
ഈ ദിവസം വീട്ടിൽ പൂജ നടത്തിയാൽ വർഷം മുഴുവൻ ധനധാന്യസമൃദ്ധിയും ഐശ്വര്യവും നിലനിൽക്കുമെന്നാണ് ഭക്തരുടെ ശക്തമായ വിശ്വാസം.