

ദീപാവലി ആഘോഷത്തിനിടെ ചിരാതിൽ നിന്ന് തീപടർന്നു പിടിച്ചു; ഒരു കുടുംബത്തിലെ 6 പേർ ശ്വാസം മുട്ടി മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 6 പേർ മരിച്ചു. ധരാശിവ് ജില്ലയിലെ യെദ്ഷി ഗ്രാമത്തിൽ പുലർച്ചെയോടെയാണ് അപകടമുണ്ടായത്.
ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്. വീടും പലചരക്ക് കടയും ഉള്‍പ്പെടുന്ന രണ്ടു നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മുകള്‍നിലയില്‍ കുടുങ്ങിപ്പോയ ആറുപേരാണ് ശ്വാസം മുട്ടി മരിച്ചത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ചുവച്ച ചിരാതിൽ നിന്ന് തീപടർന്നാണ് അപകടമെന്നാണ് വിവരം. താഴത്തെ നിലയിലുണ്ടായിരുന്ന പലചരക്ക് കടയില്‍ വലിയ അളവില്‍ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിരുന്നതാണ് തീ അതിവേഗം പടരാന്‍ കാരണമായതെന്ന് പൊലീസ് അറിയിച്ചു.