ഒരു വട പാവ് കഴിക്കാൻ യുവതി ചെലവിട്ടത് എത്രയെന്ന് അറിയണോ? വെറും 15000 രൂപ മാത്രം

ഡൽഹിയിൽ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്ററായ യുവതിയാണ് വട പാവ് കഴിക്കാൻ ഭീമമായ തുക ചെലവഴിച്ചത്
Young woman content creator spends ₹15,000 to eat Vada Pav.

വട പാവ് കഴിക്കാൻ 15000 രൂപ ചെലവിട്ട് കണ്ടന്‍റ് ക്രിയേറ്ററായ യുവതി

Updated on

ഏറെ പ്രശസ്തമാണ് മുംബൈയിലെ ജനപ്രിയ ഭക്ഷണമായ വട പാവ്. 20 രൂപ വിലയുള്ള ഈ വട പാവ് കഴിക്കാനായി ഡൽഹിയിൽ നിന്നുള്ള ഒരു കണ്ടന്‍റ് ക്രിയേറ്റർ മുംബൈയിലേക്ക് നടത്തിയ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിമാനയാത്രയും ഹോട്ടൽ താമസവും ഉൾപ്പെടെ ഏകദേശം 15,000 രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് യുവതി പങ്കുവച്ച വീഡിയോയിൽ പറയുന്നു.

ഡൽഹിയിൽ വട പാവ് കഴിക്കുന്നതിനിടെയാണ് യഥാർഥ രുചി അറിയണമെങ്കിൽ മുംബൈയിൽ തന്നെ പോകണമെന്ന തോന്നലുണ്ടായതെന്ന് വിറ്റി സ്പേസ് എന്ന ഇൻസ്റ്റഗ്രാം പേജിന്‍റെ ഉടമയായ യുവതി പറഞ്ഞു. തുടർന്ന് 5,000 രൂപ ചെലവഴിച്ച് വിമാനത്തിൽ മുംബൈയിലേക്ക് പുറപ്പെട്ടു. വിമാനത്താവളത്തിലെ ചായയ്ക്ക് 165 രൂപയും നൂഡിൽസിന് 300 രൂപയും നൽകി. വൈകിട്ട് ഏഴോടെ മുംബൈയിലെത്തിയ ശേഷം 4,000 രൂപ ദിവസവാടകയുള്ള മുറിയെടുത്തു. പിറ്റേ ദിവസം നഗരത്തിലൂടെ വട പാവിനായി അന്വേഷിച്ചുനടന്നു. ഒടുവിൽ തെരുവോരത്തെ ഒരു കടയിൽ നിന്ന് 20 രൂപയ്ക്ക് വട പാവ് വാങ്ങി ആസ്വദിച്ചു കഴിക്കുകയും ചെയ്തു.

സാധാരണ ഓൺലൈനായി ഓർഡർ ചെയ്യാമായിരുന്നെങ്കിലും മുംബൈയിലെ തെരുവോര ഭക്ഷണത്തിന്‍റെ യഥാർഥ അനുഭവം ലഭിക്കണമെന്നതിനാലാണ് നേരിട്ട് പോയതെന്നും അവർ പറഞ്ഞു. യാത്രയ്ക്കായി ചെലവഴിച്ച പണം വെറുതെയായില്ലെന്നും ജീവിതത്തിൽ കഴിച്ച ഏറ്റവും മികച്ച വട പാവാണിതെന്നും യുവതി പ്രതികരിച്ചു.

വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മുംബൈയിലെ വട പാവിന്‍റെ രുചിയെ പ്രശംസിച്ച ചിലർ ദാദറിലെ അശോക് വട പാവും കിർതി കോളെജിന് സമീപമുള്ള കടയും പരീക്ഷിക്കണമെന്ന് നിർദേശിച്ചു. താനെയിലെ വട പാവും പരീക്ഷിക്കണമെന്നായിരുന്നു മറ്റുചിലരുടെ നിർദേശം.

15,000 രൂപ ചെലവഴിച്ചെന്ന കാര്യത്തിലും സോഷ്യൽ മീഡിയയിൽ തമാശകൾ നിറഞ്ഞു. “വട പാവ് ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിനന്ദിക്കാതെ തരമില്ലല്ലോ, 15,000 രൂപ ചെലവായതല്ലേ” എന്നായിരുന്നു ഒരാളുടെ കമന്‍റ്. “ചേച്ചി, ഇടയ്ക്കൊക്കെ ട്രെയ്നിലും യാത്ര ചെയ്യൂ” എന്നായിരുന്നു മറ്റൊരാളുടെ തമാശ.

logo
Metro Vaartha
www.metrovaartha.com