

എത്ര നേരം ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? കാരണമറിയാം
എത്ര നേരം ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാറുണ്ടോ? എങ്കിൽ അതു വെറും തോന്നലല്ല, അതിനൊരു കാരണമുണ്ട്. എത്ര നേരം കിടക്കയിൽ ഉണ്ടായിരുന്നുവെന്നതും ഉറക്കത്തിന്‍റെ അളവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ജയ്പുർ സി.കെ. ബിർശ ആശുപത്രിയിലെ ഡോ. ശിവാനി സ്വാമി പറയുന്നത്. കിടക്കുന്ന സമയത്തെല്ലാം ശരീരവും തലച്ചോറും എങ്ങനെ വിശ്രമിച്ചുവെന്നതിനെ ആശ്രയിച്ചായിരിക്കും ക്ഷീണം മാറുക.
എട്ട് മുതൽ 9 മണിക്കൂർ വരെ ഉറങ്ങിയെന്നു പറഞ്ഞാലും ഇടയ്ക്കിടെ എഴുന്നേൽക്കേണ്ടി വരുന്നുണ്ടെങ്കിൽ അതു നല്ല ഉറക്കമായിരിക്കില്ല. ചിലപ്പോൾ രാത്രിയിൽ നിങ്ങൾ ഉറക്കമുണരുന്നത് നിങ്ങൾ ഓർക്കുന്നതു പോലുമുണ്ടാകില്ല. പക്ഷേ അതിരാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ക്ഷീണം അനുഭവപ്പെടും. ചിലർക്ക് തലവേദനയുമുണ്ടാകാറുണ്ട്. ജോലിക്കൂടുതലും വിശ്രമമില്ലായ്മയും ആണ് രാവിലെയുണ്ടാകുന്ന ക്ഷീണത്തിന്‍റെ പ്രധാന കാരണം.
പല സമയങ്ങൾ ഉറങ്ങാനായി തെരഞ്ഞെടുക്കുന്നത്, രാത്രി വൈകിയും മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നത്, രാത്രിയിൽ കഫീൻ അടങ്ങിയ വിഭവങ്ങൾ കഴിക്കുന്നത്, മദ്യപാനം എന്നിവയെല്ലാം ഉറക്കത്തിന്‍റെ രീതിയെ മാറ്റി മറിക്കും. അതു മൂലം വിഷാദം, ഉത്കണ്ഠ, എന്നിവ ഉണ്ടാകുകയും ഇടയ്ക്കിടെ ഉറക്കം മുറിയുന്നത് പതിവാകുകയും ചെയ്യും.