

ഓഫിസിൽ എന്നും 40 മിനിറ്റ് നേരത്തേ എത്തും; ജീവനക്കാരിയെ പിരിച്ചു വിട്ട് കമ്പനി
ഓഫിസിൽ എന്നും 40 മിനിറ്റ് നേരത്തേ എത്തുന്ന ജോലിക്കാരിയെ പിരിച്ച് വിട്ട് കമ്പനി. സ്പാനിഷ് കമ്പനിയാണ് 22 വയസുള്ള ലോജിസ്റ്റിക്സ് ജീവനക്കാരിയെ കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. രാവിലെ 7.30 മുതലുള്ള ജോലിക്കു വേണ്ടി സ്ഥിരമായി ജീവനക്കാരി 6.45 മുതൽ 7മണി വരെയുള്ള സമയത്തു തന്നെ ഓഫിസിൽ എത്തുമെന്നതാണ് പ്രശ്നത്തിന് കാരണമായത്. ഇതിനെതിരേ പല തവണ മാനേജർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും 19 തവണ കൂടി ഇതേ കാര്യം ആവർത്തിച്ചതോടെയാണ് ജീവനക്കാരിയെ പിരിച്ചു വിടാൻ തീരുമാനിച്ചത്.
ജീവനക്കാരി നേരത്തേ എത്തുന്നത് മൊത്തത്തിലുള്ള ജോലികളെ മുഴുവൻ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും നിരന്തരമായി അനുസരണക്കേട് കാണിക്കുന്നുവെന്നുമാണ് പിരിച്ചു വിടുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജീവനക്കാരി നേരത്തേ എത്തുന്നതു കൊണ്ട് യാതൊരു ഉപകാരവും കമ്പനിക്ക് ഇല്ലയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനിയുടെ നടപടിക്കെതിരേ ജീവനക്കാരി സോഷ്യൽ കോടതിയെ സമീപിച്ചു. പക്ഷേ കമ്പനി കെട്ടിടത്തിൽ കയറും മുൻപേ കമ്പനി ആപ്പിൽ ലോഗ് ചെയ്യാൻ ശ്രമിച്ചത് അടക്കമുള്ള തെളിവുകൾ ചൂണ്ടിക്കാട്ടി കമ്പനിയുടെ തീരുമാനത്തിനൊപ്പമാണ് കോടതി നിന്നത്. അതു മാത്രമല്ല ഓഫിസിലെ കാർ ബാറ്ററി കമ്പനിയുടെ അനുമതിയില്ലാതെ ജീവനക്കാരി വിറ്റതിനെതിരേയും കമ്പനി പരാതി നൽകിയിട്ടുണ്ട്. ജീവനക്കാരി നിരന്തരമായി കമ്പനി തൊഴിൽ നിയമങ്ങൾ ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കോടതി പരാമർശിച്ചു.