

കൊടൈക്കനാലിൽ സമാധാനമായി കറങ്ങാം; ഓൺലൈൻ ബുക്കിങ്ങുമായി തമിഴ്നാട്
ഡിണ്ടിഗൽ: കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് തമിഴ്നാട് വനംവകുപ്പ്. ദശറ അവധിയുടെ ഭാഗമായി ഗതാഗത തിരക്ക് ഉണ്ടാവാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഓൺലൈൻ ടിക്കറ്റിങ് കൊണ്ടു വന്നിരിക്കുന്നത്. https://kodaikanalwildlifesanctuary.com/ എന്ന സൈറ്റ് വഴി സന്ദർശകർക്ക് മുൻകൂട്ടി പണം നൽകി ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിജിറ്റൽ റസീറ്റും ലഭിക്കും.
അവധി ദിവസങ്ങളിലെല്ലാം കൊടൈക്കനാലിൽ കനത്ത ട്രാഫിക് ജാമും ആൾത്തിരക്കും ഉണ്ടാകാറുണ്ട്. ഗുണ കേവ്സ്, പൈൻ ഫോറസ്റ്റ് എന്നിവിടങ്ങളിലേക്കാണ് സന്ദർശകർ വലിയ രീതിയിൽ ഒഴുകാറുള്ളത്. ഇതു വരെയും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് മാത്രമേ ടിക്കറ്റ് ലഭിക്കുമായിരുന്നുള്ളൂ.
ക്യൂ ആർ കോഡുകൾ വഴി പണം അടയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രദേശത്തെ ദുർബലമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി സന്ദർശകരെ പ്രശ്നത്തിലാക്കാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ഓൺലൈൻ ബുക്കിങ്ങിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.