

ഭജൻ ഗായകനെ കാശ് കൊണ്ട് മൂടി ആരാധകർ; വിഡിയോ വൈറൽ|Video
അഹമ്മദാബാദ്: സ്വയം മറന്നു പാടുന്ന ഗായകനെ ആരാധകർ ലക്ഷക്കണക്കിന് രൂപ കൊണ്ട് മൂടുന്ന വിഡിയോ വൈറലാകുന്നു. ഗുജറാത്തി ഭജൻ ഗായകൻ ഗോപാൽ സാധുവിന്‍റെ വിഡിയോയാണ് ഇന്‍റർനെറ്റിൽ നിറയുന്നത്. സംഗീതം, കഥ, നർമം എന്നിവയെല്ലാം ഒരുമിക്കുന്ന ഗുജറാത്തി പരമ്പരാഗത നാടൻ കലാരൂപമായ ഡേറോയ്ക്കിടെയാണ് ആരാധകർ ഗോപാൽ സാധുവിനെ പണം കൊണ്ടു മൂടിയത്. തലയ്ക്കു മുകളിൽ വരെ പണം നിറയുമ്പോഴും ഗോപാൽ പാടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നതാണ് മറ്റൊരു അദ്ഭുതം.
ചാക്കു കണക്കിന് പണവുമായാണ് ഗ്രാമീണർ സാധുവിനരികിൽ എത്തിയത്. ചിലപ്പോഴെല്ലാം പണം കൊണ്ട് മൂടിയതു കൊണ്ട് അദ്ദേഹത്തിന് മുന്നിലുള്ളത് കാണാൻ പോലും സാധിക്കാത്ത അവസ്ഥയുമുണ്ടായി.
വിഡിയോക്കു താഴെ നിരവധി കമന്‍റുകളാണ് നിറയുന്നത്. ഇതാണ് യഥാർഥത്തിലുള്ള വർക് ഫ്രം ഹോം എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ശരിക്കും ശ്വാസം വിടാൻ പോലും സാധിക്കുന്നില്ലെന്ന് മറ്റൊരാൾ കുറിച്ചിരിക്കുന്നു.പാവപ്പെട്ടവർക്കായി ഈ പണം എത്തുമെന്നാണ് പ്രതീക്ഷയെന്നാണ് മറ്റൊരു കമന്‍റ്.
ഇതാദ്യമായല്ല ഗായകരെ ആരാധകർ ഇത്തരത്തിൽ സ്നേഹിക്കുന്നത്. 2023ൽ വൽസാദിലെ അഗ്നിവീർ ഗോ സേവാ ദാലിലെ ഒരു പ്രത്യേക ഭജൻ പരിപാടിയിൽ കീർത്തിദാൻ ഗാധ്വി എന്ന ഗായകനു മേൽ ആരാധകർ 10,20,50,100 രൂപകൾ വർഷിച്ചിരുന്നു. ഗുജറാത്തിൽ നാടോടിഗായകർക്കു മേൽ ഇത്തരത്തിൽ പണം എറിയുന്നത് സാധാരണയാണ്. ഇങ്ങനെ കിട്ടുന്ന പണം എന്തെങ്കലും സാമൂഹികാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ് പതിവ്.