

ബ്രാഡ്രോണ
പച്ച പുതച്ച മലഞ്ചെരിവുകൾ കൊണ്ടും ലാവണ്ടർ പൂക്കൾ കൊണ്ടും സമ്പന്നമാണ് ന്യൂസിലൻഡ്. പക്ഷേ അവിടെ സ്ത്രീകളുടെ അടിവസ്ത്രം തൂക്കിയിട്ടതിന്‍റെ പേരിൽ മാത്രം ശ്രദ്ധയാകർഷിച്ച ഒരിടമുണ്ട്. കാർഡ്രോണയിലെ ഒരു മതിലിലാണ് ആയിരക്കണക്കിന് അടിവസ്ത്രങ്ങൾ തൂക്കിയിരിക്കുന്നത്. ആദ്യമൊക്കെ കൗതുകമായിരുന്നുവെങ്കിൽ ഇപ്പോഴത് വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു വശത്ത് മലനിരകളും മറുവശത്ത് കടലുമുള്ള പ്രദേശത്താണ് അസാധാരണമായ വേലി ശ്രദ്ധേയമാകുന്നത്. എന്തിനേറെ ബ്രാഡ്രോണ എന്നാണ് ആ വേലി ഇപ്പോൾ അറിയപ്പെടുന്നതു പോലും. 40 മീറ്റർ നീളമുള്ള വേലിയിൽ പല നിറങ്ങളിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് ബ്രാകളാണ് ഇടം പിടിച്ചിരിക്കുന്നത്. പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികൾ ഈ വേലിക്കരികിൽ നിന്ന് ഫോട്ടൊ എടുക്കുന്നതും വേലിയിലേക്ക് അവരുടേതായ സംഭാവനയായി അടിവസ്ത്രം തൂക്കുന്നതും ഒരു സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു.
1998ലെ ഡിസംബറിനും 1999 ജനുവരിക്കും ഇടയിലുള്ള കാലഘട്ടത്തിലാണ് ഈ വേലിയുടെ തല വര മാറുന്നത്. അന്ന് അജ്ഞാതരായ നാലു സ്ത്രീകൾ വഴിയരികിലുള്ള വേലിയിൽ തൂക്കിയിടുകയായിരുന്നു. തൊട്ടു പിന്നാലെ എത്തിയ മറ്റു ചിലരും അതു പോലെ അടിവസ്ത്രം തൂക്കാൻ തുടങ്ങി. അധികം വൈകാതെ വേലി ബ്രാകൾ കൊണ്ട് നിറഞ്ഞു. പക്ഷേ എല്ലാവരും ഈ കാഴ്ചയിൽ അത്ര സന്തുഷ്ടല്ല. പ്രത്യേകിച്ച് നാട്ടുകാർ. റോഡിലൂടെ പോകുന്നവരെല്ലാം വേലിക്കരികിൽ നിന്ന് ഫോട്ടൊ എടുക്കാനും മറ്റു വാഹനം നിർത്തുന്നത് പ്രദേശത്ത് വലിയ ഗതാഗത പ്രശ്നം ഉണ്ടാക്കി. അതോടെ 2006ൽ പ്രാദേശിക ഭരണകൂടം ബ്രാകളെല്ലാം നീക്കാൻ ഉത്തരവിട്ടു. അന്ന് 1500 ബ്രാകളാണ് വേലിയിൽ നിന്ന് നീക്കം ചെയ്തത്. പക്ഷേ അതു കൊണ്ടൊന്നും പ്രശ്നം അവസാനിച്ചില്ല. വേലിയിൽ വീണ്ടും അജ്ഞാതർ ബ്രാകൾ തൂക്കാൻ തുടങ്ങി. ഭരണകൂടം ഇവ നീക്കുന്നതും പതിവായി. അങ്ങനെ വർഷങ്ങളോളം വേലിയിൽ നിന്ന് അടിവസ്ത്രങ്ങൾ നീക്കം ചെയ്യുന്ന പതിവ് പ്രാദേശിക ഭരണകൂടം തുടർന്നു.
ഒടുവിൽ 2014 നവംബറിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമായി. പ്രധാന വഴിയുടെ അരികിൽ ഉണ്ടായിരുന്ന വേലി അവിടെ നിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിച്ചു. 2015ൽ അതിന് ബ്രാഡ്രോണ എന്നപേര് നൽകി. സ്തനാർബുദ രോഗികൾക്കു വേണ്ടിയുള്ള ഫണ്ട് റൈസിങ് പരിപാടികളും തുടങ്ങി. ബ്രാഡ്രോണ വഴി ഏകദേശം 30,000 ഡോളറോളമാണ് ശേഖരിക്കാൻ സാധിച്ചത്. വേലിക്കരികിൽ തന്നെ സംഭാവന ചെയ്യുന്നതിനുള്ള പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്.