

തെറാപ്പിക്ക് 10,000, നഖത്തിനും മസാജിനും 8,000: ഒരു മാസം വേണ്ടത് 25,000 രൂപ, മില്ലേനിയൽസിന് പറഞ്ഞാൽ മനസിലാവില്ല ഈ ജെൻസി ചെലവുകൾ
സ്വന്തം ഇഷ്ടങ്ങൾക്കും സന്തോഷത്തിനുമെല്ലാം ഏറെ പ്രധാന്യം നൽകുന്നവരാണ് ജെൻസി തലമുറ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് 22കാരിയുടെ ഒരു വിഡിയോ ആണ്. ജെൻസി ലൈഫ് സ്റ്റൈൽ ജീവിക്കാൻ ഒരു മാസം 25,000 രൂപ ചെലവു വരും എന്നാണ് യുവതി പറയുന്നത്. താമസവും ഭക്ഷണവും എല്ലാം ചേർത്ത തുകയാണ് ഇതെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ഇതൊന്നും ഉൾപ്പെടുത്താതെ ആഡംബരത്തിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി ചെലവാക്കുന്ന തുകയാണ് ഇത്.
ബെംഗളൂരുവിലെ ശ്രദ്ധ സൈനി എന്ന 22കാരിയാണ് തന്‍റെ ചെലവുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്‍റെ ജെൻസി ലൈഫ്സ്റ്റൈൽ മില്ലേനിയൽസിന് മനസിലാകണം എന്നില്ലെന്നും യുവതി പറയുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന യുവതി തനിക്കായി ഏറ്റവും മെച്ചപ്പെട്ട സൗകര്യമാണ് ഒരുക്കുന്നത്.
മാസത്തിൽ രണ്ടോ മൂന്നോ തവണ താൻ പൂക്കൾ വാങ്ങാറുണ്ടെന്നും ഇതിന് 2000 രൂപ ചെലവു വരുമെന്നുമാണ് ശ്രദ്ധ സൈനി പറയുന്നത്. കൂടാതെ താൻ തെറാപ്പി സെഷൻ എടുക്കുന്നുണ്ടെന്നും ഇതിനായി മാസത്തിൽ 10000 രൂപ മുടക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു. എല്ലാ ഞായറാഴ്ചയും ബ്രഞ്ചിനു പോകുമെന്നും ഇതിന് 2000 രൂപ ചെലവുണ്ട്. മസാജിങ്ങിനും പെഡിക്യുവറിനുമെല്ലാം 5000 രൂപയും നഖങ്ങൾ മനോഹരമാക്കാൻ 3000 രൂപയും ചെലവാക്കുന്നുണ്ട്. എല്ലാംകൂടി ചേർത്ത് 25,000 രൂപ ചെലവുവരും എന്നാണ് ശ്രദ്ധ പറയുന്നത്.
വിഡിയോ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ഭാവിയെക്കുറിച്ച് ഓർക്കാതെ അനാവശ്യമായി പണം ചെലവാക്കുന്നു എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ സ്വന്തം സന്തോഷത്തിനും സമാധാനത്തിനു വേണ്ടി പണം ചെലവാക്കുന്നതിനെ പ്രശംസിക്കുന്നവരും നിരവധിയാണ്. ജെൻസികളും മില്ലേനിയൽസും രണ്ടായി തിരിഞ്ഞാണ് ഏറ്റുമുട്ടുന്നത്. മില്ലേനിയൽസും സ്വന്തം ഇഷ്ടങ്ങൾക്കായി പണം ചെലവാക്കാറുണ്ടെന്നും എന്നാൽ ഉത്തരവാദിത്തത്തോടെയാണ് ചെലവ് നടത്തുന്നത് എന്നുമാണ് പറയുന്നത്. അതിനിടെ മാനസികാരോഗ്യത്തിനു ഉൾപ്പടെ പണം മാറ്റിവെക്കുന്ന ജെനിസി ലൈഫ്സ്റ്റൈലിന് കയ്യടിക്കുന്നവരും നിരവധിയാണ്.