

ചടങ്ങിനിടെ വരൻ നില തെറ്റി വീണു; വിവാഹത്തിൽ നിന്ന് പിന്മാറി വധു
freepik
ലക്നൗ: വിവാഹച്ചടങ്ങിനിടെ വരൻ നില തെറ്റി വീണതിനു പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ എറ്റാ ജില്ലയിലാണ് സംഭവം. കോട്ട്‌വാളി ദേഹാത്തിലെ കത്തോളി ഗ്രാമത്തിൽ നിന്നുള്ള വരനും സംഘവും ഞായറാഴ്ച സന്ധ്യയോടെയാണ് സാകീതിലുള്ള വധുവിന്‍റെ വീട്ടിലെത്തിയത്. വിവാഹചടങ്ങുകൾ നടക്കുന്നതിനിടെ വരൻ അസാധാരണമായി നില തെറ്റി കസേരയിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ഓടിയെത്തി അദ്ദേഹത്തെ സഹായിച്ചു.
തുടക്കത്തിൽ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു കാര്യങ്ങൾ പോയിരകുന്നതെങ്കിലും വരന് എന്തെങ്കിലും അസുഖമുണ്ടോ എന്ന സംശയം ശക്തമായതോടെ വധുവിന്‍റെ വീട്ടുകാർ വിവാഹത്തിൽ എതിർപ്പു പ്രകടിപ്പിക്കുകയായിരുന്നു. അസുഖമില്ലെന്ന് ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ വിവാഹത്തിന് തയാറാകൂ എന്ന് വധു അറിയിച്ചു. ഇതേ തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ ദീർഘമായ വാക്കേറ്റമുണ്ടായി. രാത്രി മുഴുവൻ വഴക്കു നീണ്ടു നിന്നു.
പ്രദേശത്തെ മുതിർന്നവർ സമവായത്തിന് ശ്രമിച്ചുവെങ്കിലും വധു തീരുമാനത്തിൽ ഉറച്ചു നിന്നു. പ്രശ്നം രൂക്ഷമായതോടെ ഇരു കുടുംബങ്ങളും പൊലീസിനെ സമീപിച്ചു. സമുദായ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വധുവും കുടുംബവും അറിയിക്കുകയായിരുന്നു.