ജനിതക ചികിത്സയ്ക്കായി ചെലവഴിച്ചത് 7.7 കോടി; വിടവാങ്ങി ആറ് വയസുകാരി

ബുദ്ധിവികാസത്തിൽ കാലതാമസം ഉണ്ടാക്കുന്ന അപൂർവ ജനിതക രോഗം പരിഹരിക്കാനായിരുന്നു പെൺകുട്ടിക്ക് പരീക്ഷണാടിസ്ഥാനത്തിൽ ജീൻ-എഡിറ്റിങ് ചികിത്സ നൽകിയത്
Representative image

പ്രതീകാത്മക ചിത്രം

Updated on

ബെയ്ജിങ്: അപൂർവ ജനിതക വൈകല്യം ഭേദമാക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ജീൻ-എഡിറ്റിങ് ചികിത്സയ്ക്ക് പിന്നാലെ ആറു വയസുകാരി മരിച്ച സംഭവത്തിൽ ചൈനയിൽ അന്വേഷണം ആരംഭിച്ചു. തിരിച്ചറിയപ്പെടാതിരിക്കാൻ "മേയ്" എന്ന പേര് നൽകിയിരിക്കുന്ന പെൺകുട്ടി ചികിത്സ ലഭിച്ച് ഒരാഴ്ചയ്ക്കകം മരിച്ചു. ഇതേ തുടർന്ന് ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല മെഡിക്കൽ സ്കൂൾ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു.

ബുദ്ധിവികാസത്തിൽ കാലതാമസം ഉണ്ടാക്കുന്ന അപൂർവ ജനിതക രോഗം പരിഹരിക്കാനായിരുന്നു പെൺകുട്ടിക്ക് പരീക്ഷണാടിസ്ഥാനത്തിൽ ജീൻ-എഡിറ്റിങ് ചികിത്സ നൽകിയത്. ചികിത്സയുടെ ഭാഗമായി തലച്ചോറിലേക്ക് എത്തുന്ന തരത്തിൽ ട്രില്യൺ കണക്കിന് വൈറസുകൾ അടങ്ങിയ ദ്രാവകം നട്ടെല്ലിലൂടെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്ക് ശേഷം ഒരാഴ്ചയ്ക്കകം കുട്ടി ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിക്കുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ചികിത്സയ്ക്കായി കുട്ടിയുടെ മാതാപിതാക്കൾ എട്ട് ലക്ഷം യുഎസ് ഡോളറിലധികം (ഏകദേശം 7.7 കോടി രൂപ) ചെലവഴിച്ചു. എന്നാൽ ചികിത്സയുടെ അപകടസാധ്യതകളെക്കുറിച്ച് അവർക്ക് മതിയായ വിവരങ്ങൾ നൽകിയിരുന്നില്ലെന്നാണ് ആരോപണം. ഈ ഗവേഷണത്തിന് നേതൃത്വം നൽകിയ ന്യൂറോ സയന്‍റിസ്റ്റ് സിലോങ് ക്യൂ പിന്നീട് പ്രശസ്ത ശാസ്ത്രജേണലായ നാച്വറിൽ മൃഗപരീക്ഷണവുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചു. എന്നാൽ അതിൽ കുട്ടിയുടെ മരണത്തെപ്പറ്റിയോ ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ ഫലത്തെ കുറിച്ചോ യാതൊരു പരാമർശവും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

വിവാദം ശക്തമായതോടെ ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല മെഡിക്കൽ സ്കൂൾ പ്രസ്താവന പുറത്തിറക്കി. ഗവേഷണ ധാർമികതക്കും ശാസ്ത്രീയ മാനദണ്ഡങ്ങൾക്കും സ്ഥാപനം അതീവ പ്രാധാന്യം നൽകുന്നുവെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

2018ൽ ജനിതക മാറ്റം വരുത്തിയ ശിശുക്കളെ സൃഷ്ടിച്ചെന്ന വിവാദത്തിൽ ചൈനീസ് ശാസ്ത്രജ്ഞൻ ഹി ജിയാങ്കുയി ആഗോള വിമർശനം നേരിട്ടിരുന്നു. പുതിയ സംഭവം ചൈനയുടെ ബയോടെക് ഗവേഷണരംഗത്തെ സുതാര്യതയെയും ധാർമിക മേൽനോട്ടത്തെയും കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com