

ക്രൂയീസ് കപ്പലിലെ "ഹാന്‍റാവൈറസ്': മൂന്നു മരണം
കേപ് വെർഡെ: അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന നെതർലൻഡ് ആസ്ഥാനമായ ക്രൂയീസ് കപ്പലിൽ "ഹാന്‍റാവൈറസ്' രോഗബാധ സംശയിക്കുന്ന മൂന്നു പേരെ കൂടി അടിയന്തരമായി ആശുപത്രിയിലേയ്ക്ക് മാറ്റാൻ നീക്കം. നിലവിൽഹാന്‍റാ വൈറസ് രോഗം ബാധിച്ച് മൂന്നു പേർ മരണപ്പെട്ടിരുന്നു. ഇവരിൽ നെതർലൻഡിൽ നിന്നുള്ള ദമ്പതികളും ഉൾപ്പെട്ടിരുന്നു.
ഇപ്പോൾ കേപ് വെർഡെ തീരത്തുള്ള കപ്പലിൽ മെഡിക്കൽ സംഘങ്ങൾ രോഗികളുടെ ആരോഗ്യ നില വിലയിരുത്തുകയാണ്. മരിച്ച ഒരാളുമായി അടുത്ത ബന്ധം പുലർത്തിയ ഒരാളെയും കപ്പലിലെ മറ്റു രണ്ട് സ്റ്റാഫ് അംഗങ്ങളെയും അവർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. രോഗികളുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം അവരെ ആംബുലൻസുകളിലേയ്ക്കു മാറ്റുകയും തുടർന്ന് നെതർലൻഡ്സിലേയ്ക്ക് എത്തിക്കുകയും ചെയ്യും.
എലികൾ വഹിക്കുന്ന വൈറസുകളുടെ ഒരു ഇനമാണ് "ഹാന്‍റാവൈറസ്'
"ഹാന്‍റാവൈറസ്' ബാധിതരായ യാത്രക്കാരെ ഒഴിപ്പിക്കാൻ രണ്ടു വിമാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധി ഡോ. ആൻ ലിൻഡ്സ്ട്രാൻഡ് അറിയിച്ചു. ഇവരെ ഇറക്കിയ ശേഷം കപ്പൽ സ്പെയിനിലെ ടെനിരീഫ് ദ്വീപിലേയ്ക്ക് മടങ്ങും. അവിടെ സ്പാനിഷ് ആരോഗ്യ അധികൃതർ കൂടുതൽ അന്വേഷണം, ലാബ് പരിശോധനകൾ, ക്ലിനിക്കൽ വിലയിരുത്തലുകൾ എന്നിവ നടത്തും.
എന്താണ് "ഹാന്‍റാവൈറസ്'?
എലികൾ വഹിക്കുന്ന വൈറസുകളുടെ ഒരു ഇനമാണ് "ഹാന്‍റാവൈറസ്'. കൂടുതലായും ഉണങ്ങിയ എലികാഷ്ഠത്തിൽ തട്ടി വരുന്ന വായുവിലൂടെ പരക്കുന്ന കണികകൾ ശ്വസിക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേയ്ക്ക് പകരുന്നത്.
യുഎസ് സെന്‍റർ ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) പ്രകാരം എലിയുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽഡ ഉമിനീരിൽ നിന്നു വൈറസ് വായുവിലൂടെ എത്തുമ്പോഴാണ് സാധാരണയായി അണുബാധ ഉണ്ടാകുന്നത്. അപൂർവമാണെങ്കിലും എലി കടിച്ചോ പോറലുകളിലൂടെയോ ഇത് പടരും.
വൈറസ് രണ്ടു ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. ആദ്യത്തേത് "ഹാന്‍റാവൈറസ്' പൾമനറി സിൻഡ്രോം (എച്ച്പിഎസ്), പലപ്പോഴും ക്ഷീണം, പനി, പേശി വേദന എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങൾ. തുടർന്ന് തലവേദന, തലകറക്കം, വിറയൽ, വയറുവേദന എന്നിവ ഉണ്ടാകുന്നു. ശ്വസന ലക്ഷണങ്ങൾ വികസിച്ചാൽ മരണനിരക്ക് ഏകദേശം 38ശതമാനം ആണെന്ന് സിഡിസി പറയുന്നു.
രണ്ടാമത്തെ രോഗമായ ഹെമറാജിക് ഫീവർ വിത്ത് റെനൽ സിൻഡ്രോം (എച്ച്എഫ്ആർഎസ്) കൂടുതൽ ഗുരുതരമാണ്. ഇത് ആദ്യം തന്നെ വൃക്കകളെ ബാധിക്കുന്നു. പിന്നീടുള്ള ലക്ഷണങ്ങളിൽ കുറഞ്ഞ രക്തസമ്മർദ്ദം, ആന്തരിക രക്ത സ്രാവം, ഗുരുതരമായ വൃക്ക തകരാറുകൾ എന്നിവ ഉൾപ്പെടാം.