പാമ്പുകടി: വേണം ജാഗ്രത, പ്രതിരോധം, ചികിത്സ

സമയം വൈകാതെ ആശുപത്രിയിലെത്തിക്കണം
 Snakebite: Caution, prevention, and treatment required

പാമ്പുകടി: വേണം ജാഗ്രത, പ്രതിരോധം, ചികിത്സ

symbolic image

Updated on

വീണാ ജോർജ്

ആരോഗ്യ വകുപ്പു മന്ത്രി

സംസ്ഥാനത്തു വിവിധയിടങ്ങളിൽ പാമ്പുകടി സംഭവിക്കുന്നതായ നിരവധി റിപ്പോർട്ടുകൾ വരുന്നുണ്ട്. പാമ്പുകടിയ്ക്കെതിരേ പ്രതിരോധവും കടിയേറ്റയാൾക്ക് സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണ്. വേനൽച്ചൂട് അധികമായതു കാരണം ഇഴജന്തുക്കള്‍ മാളത്തിൽ നിന്നിറങ്ങി തണുപ്പുള്ള പ്രദേശം തേടി ഇറങ്ങുന്ന സമയമാണ്. അതിനാല്‍ വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും പാമ്പുകള്‍ക്ക് കയറിയിരിക്കാൻ അവസരമൊരുക്കാതെ അതീവ ശ്രദ്ധ വേണം. ഇതിന്‍റെ ഭാഗമായി മനുഷ്യസഞ്ചാരമുള്ള ഇടങ്ങളിൽ കാടും പടര്‍പ്പും കയറാതെ നോക്കണം. മാളങ്ങള്‍, പൊത്തുകള്‍ മുതലായവ സിമന്‍റോ മറ്റോ ഇട്ട് അടയ്ക്കണം.

പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാം. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്‍റി സ്നേക്ക് വെനം ലഭ്യമാണ്. രോഗലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്‍റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണം.

വീട്ടിനുള്ളില്‍ വച്ച് പാമ്പ് കടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുക, വിടവുകള്‍ അടയ്ക്കുക, വീടിനു പുറത്തു കിടന്ന് ഉറങ്ങാതിരിക്കുക, നിലത്ത് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കി കിടക്കകള്‍ ഉപയോഗിക്കുക.

കൊതുക് വല ഉപയോഗിക്കുന്നത് അധിക സംരക്ഷണം നല്‍കും. വീടിനും പരിസരത്തിനും ചുറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണം. വീടിനോട് ചേര്‍ന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികള്‍ തുടങ്ങിയവയൊന്നും കൂട്ടി വയ്ക്കരുത്. പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക, വീടിനോട് സമീപത്തുള്ള മാളങ്ങളെല്ലാം അടയ്ക്കുക. രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക. സന്ധ്യാ സമയത്തും രാത്രി സമയങ്ങളിലും പുറത്തേക്ക് പോകുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കുക.

കരിയിലകളിലൂടെയും കുറ്റിച്ചെടികളിലൂടെയും നടക്കാന്‍ ശ്രമിക്കരുത്. കാല്‍പാദം സംരക്ഷിക്കുന്ന ചെരുപ്പുകള്‍ ധരിക്കുക, ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. കിടക്കുന്ന സ്ഥലം ശുചിയായി, സുരക്ഷിതമായി സൂക്ഷിക്കുക. ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക. പാമ്പിനെ കണ്ടാല്‍ അതിനെ പിടിക്കാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഏറ്റവും അടുത്തുള്ള സ്‌നേക്ക് റെസ്‌ക്യുവേഴ്‌സിനെ ലഭിക്കാന്‍ വനം വകുപ്പിന്‍റെ സര്‍പ്പ ആപ്പ് സഹായിക്കും.

പാമ്പുകടിയേറ്റാല്‍ ആദ്യം പ്രഥമ ശുശ്രൂഷ നൽകണം. കടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കരുത്. അനാവശ്യ ചലനം ഒഴിവാക്കുക, കടിയേറ്റ ഭാഗം അനക്കാതിരിക്കുക. കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നതു പ്രധാനമാണ്. ആശുപത്രിയിലേക്ക് വ്യക്തിയെ കൊണ്ടുപോകുമ്പോള്‍ കടിച്ച പാമ്പിനെ പിടിച്ചോ, കൊന്നോ കൊണ്ടുപോകേണ്ട ആവശ്യമില്ല. അതിനായി നേരം പാഴാക്കരുത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com