മാജിക് മഷ്‌റൂം കഴിച്ച അല്‍ഷിമേഴ്‌സ് രോഗിക്ക് ഓര്‍മ തിരിച്ചുകിട്ടി, പഠനം

80 വയസുള്ള ജാപ്പനീസ് അമെരിക്കന്‍ സ്ത്രീയ്ക്കാണ് മാജിക് മഷ്‌റൂം നല്‍കിയത്
Alzheimer's patient sees major improvements after taking magic mushrooms

മാജിക് മഷ്‌റൂം കഴിച്ച അല്‍ഷിമേഴ്‌സ് രോഗിക്ക് ഓര്‍മ തിരിച്ചുകിട്ടി, പഠനം

Updated on

അല്‍ഷിമേഴ്‌സ് ബാധിച്ച 80 കാരിയായ സ്ത്രീക്ക് മാജിക് മഷ്‌റൂം കഴിച്ചതിനു പിന്നാലെ ഓര്‍മ തിരിച്ചുകിട്ടിയതായി പഠനം. ഫ്രണ്ടീസ് ഇന്‍ ന്യൂറോ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. സിലോസിബിന്‍ അടങ്ങിയ കൂണ് കഴിച്ചതിനു പിന്നാലെ ഇവര്‍ പഴയ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. നടക്കാനും സംസാരിക്കാനും മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനും തുടങ്ങി.

80 വയസുള്ള ജാപ്പനീസ് അമെരിക്കന്‍ സ്ത്രീയ്ക്കാണ് മാജിക് മഷ്‌റൂം നല്‍കിയത്. കഴിഞ്ഞ 10 വര്‍ഷമായി മറവി രോഗത്തിന്റെ പിടിയിലാണ്. അഞ്ച് വര്‍ഷമായി അവസ്ഥ വളരെ മോശമായിരുന്നു. ഒറ്റ വാക്കിലാണ് മറുപടി പറഞ്ഞിരുന്നത്. കൂടാതെ അറിയാതെ മൂത്രം പോവുക, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ സാധിക്കാതിരിക്കുക, നിര്‍വികാരത എന്നിവയിലൂടെയാണ് ഇവര്‍ കടന്നു പോയിരുന്നത്. അവശ്യ കാര്യങ്ങള്‍ക്ക് പോലും മറ്റൊരാളുടെ സഹായം തേടേണ്ട അവസ്ഥയായിരുന്നു.

അഞ്ച് ഗ്രാം മാജിക് മഷ്‌റൂമാണ് ഇവര്‍ക്ക് നല്‍കിയത്. ഇത് കഴിച്ചതിനു പിന്നാലെ ഇവരില്‍ ശാരീരികമായ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. വിയര്‍ക്കുകയും പനിവരാന്‍ പോകുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. കൂടാതെ അബോധാവസ്ഥയിലായി. മഷ്‌റൂം നല്‍കി 19 മണിക്കൂറിന് ശേഷമാണ് പെരുമാറ്റത്തില്‍ മാറ്റങ്ങളുണ്ടായത്. തന്റെ കഴിഞ്ഞ കാലത്തെ ഓര്‍മകള്‍ ഇവര്‍ നിര്‍ത്താതെ പങ്കുവയ്ക്കാന്‍ തുടങ്ങി. ആഴ്ചകള്‍ പിന്നിട്ടതോടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെടാന്‍ തുടങ്ങി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അറിയാതെ മൂത്രം പോകുമായിരുന്നു. ഇത് ഇല്ലാതായി. നല്ല രീതിയില്‍ നടക്കാനും സ്വന്തമായി കുളിക്കാനും വസ്ത്രം ധരിക്കാനും തുടങ്ങി. കൂടാതെ ആളുകളോട് സംസാരിക്കുകയും പഴയ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

അല്‍ഷിമേഴ്‌സ് രോഗിയില്‍ എങ്ങനെയാണ് ഇത്തരം മാറ്റമുണ്ടായത് എന്നതിന് ഉത്തരം കണ്ടെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. തലച്ചോറിലെ ശൃംഖലകളെ താത്കാലികമായി പുനക്രമീകരിക്കാനും ആശയവിനിമയം വര്‍ധിപ്പിക്കാനും മാജിക് മഷ്‌റൂമില്‍ അടങ്ങിയിരിക്കുന്ന സൈലോസിബിന് കഴിയുമെന്ന് മുന്‍പ് നടത്തിയ പഠനങ്ങളില്‍ പറയുന്നുണ്ട്. ഇത് തന്നെയാവും ഇവിടെയും നടന്നിട്ടുണ്ടാവുക എന്നാണ് ബ്രസീലിയന്‍ ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ അല്‍ഷിമേഴ്‌സ് രോഗത്തെ ഇല്ലാതാക്കാനാവും എന്ന് ഇതിന് അര്‍ഥമില്ലെന്നും ബ്രസീലില്‍ നിന്നുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നു. മറവികാരണം ന്യൂറോഡീജനറേഷന്‍ സംഭവിച്ച പ്രവര്‍ത്തനശേഷിയുള്ള തലച്ചോര്‍ ശൃംഖലകളെ വീണ്ടും ബന്ധിപ്പിക്കാന്‍ സൈലോസിബിന്‍ താല്‍ക്കാലികമായി സഹായിച്ചിട്ടുണ്ടാകാമെന്ന് ബ്രസീലിയന്‍ ഗവേഷകര്‍ അനുമാനിക്കുന്നു. എന്നാല്‍ മാജിക് മഷ്‌റൂമിലൂടെ അല്‍ഷിമേഴ്‌സ് രോഗത്തെ ഇല്ലാതാക്കാനാവില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

logo
Metro Vaartha
www.metrovaartha.com