

എബോള: ഭീകരമായ രോഗപ്പകർച്ചയെന്നു റിപ്പോർട്ട്
വാഷിങ്ടൺ: ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് സംബന്ധിച്ച് പുറത്തു വരുന്ന കണക്കുകളെക്കാൾ കൂടുതലാണ് രോഗ വ്യാപനമെന്ന് ഇന്‍റർനാഷണൽ റെസ്ക്യൂ കമ്മിറ്റി. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കണമെന്നും ഐആർസി വ്യക്തമാക്കി.
ന്യൂയോർക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഐആർസിയുടെ റിപ്പോർട്ട് പ്രകാരം രോഗബാധിതരെ കണ്ടെത്തുന്നതിലെ കാലതാമസവും സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിലെ ഗുരുതരമായ വീഴ്ചയും രോഗനിയന്ത്രണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.
ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം നിലവിൽ ഡിആർസിയിൽ ആയിരത്തിലധികം സംശയാസ്പദ എബോള കേസുകളും ഇരുനൂറിലധികം സംശയാസ്പദ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഐആർസിയുടെ വിലയിരുത്തൽ അനുസരിച്ച് എബോള വൈറസ് മാർച്ചിനു മുമ്പ് തന്നെ പടർന്നതാകാം. എന്നാൽ അപ്പോൾ തിരിച്ചറിഞ്ഞില്ല. മേയ് മാസം മധ്യത്തോടെ പകർച്ചവ്യാധി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുതല്‍ രോഗവ്യാപനം നടന്നിരിക്കാമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.
നിലവില്‍ രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ ഇരുപതു ശതമാനം പേരെ മാത്രമാണ് കണ്ടെത്തി നിരീക്ഷിക്കാന്‍ കഴിയുന്നത്. ഇതുമൂലം രോഗവ്യാപന ശൃംഖലകള്‍ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതില്‍ ആരോഗ്യ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്.
അതിനിടെ, ഉഗാണ്ടയിലും എബോള വ്യാപനം രൂക്ഷമാകുകായാണ്. ബുറുണ്ടി, സൗത്ത് സുഡാന്‍ എന്നിവിടങ്ങളിലേക്കും രോഗം വ്യാപിക്കുമെന്ന ആശങ്കയും ഐആര്‍സി പങ്കുവച്ചു. രോഗനിര്‍ണയത്തിനാവശ്യമായ ഉപകരണങ്ങളുടെ കുറവും പരിശോധനാഫലങ്ങളില്‍ ഉണ്ടാകുന്ന കാലതാമസവും കേസുകള്‍ സ്ഥിരീകരിക്കുന്നത് മന്ദഗതിയിലാക്കുകയാണ്. ഇതുമൂലം രോഗവ്യാപനത്തിന്‍റെ യഥാർഥ വ്യാപ്തി വ്യക്തമാകാതെ പോകുന്നതായും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് ആരോഗ്യപ്രവര്‍ത്തകര്‍ എബോള ബാധിച്ച് മരിച്ചതായും അവര്‍ അറിയിച്ചു. കൂടാതെ, ആളുകള്‍ ആശുപത്രികളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുമൂലം രോഗബാധിതര്‍ ചികിത്സ തേടാതെ സമൂഹത്തിനുള്ളില്‍ തന്നെ തുടരുന്നുവെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
നിലവിലെ എബോളാ വ്യാപന സാഹചര്യം 2018-2020 കാലഘട്ടത്തില്‍ ഡി.ആര്‍.സിയിലെ പകര്‍ച്ചവ്യാധിയോട് സാമ്യമുള്ളതാണെന്നു ഐആര്‍സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഹോവാര്‍ഡ് ചൂണ്ടിക്കാട്ടി. അന്നത്തെ പകര്‍ച്ചവ്യാധിയില്‍ 3,400-ലധികം കേസുകളും 2,200-ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.